സ്വന്തം ലേഖകൻ: പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം… ദുബായിൽ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക് കോളടിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഡിസംബറില്‍ കപ്പൽ സർവീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നൽകുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീം പറഞ്ഞു.
ബേപ്പൂർ–കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ.ചാക്കുണ്ണി സമർപ്പിച്ചിരുന്നു. കൂടാതെ, മന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രത്തിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രം കനിഞ്ഞാലാണ് ഡിസംബറിലെ പരീക്ഷണയോട്ടം നടത്തുക.
എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്.
വിമാന നിരക്ക് താങ്ങാനാകാത്തതിനാൽ നിരവധി പേർ വേനലവധിക്ക് നാട്ടിലേക്ക് പോയില്ല. തങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി ചെലവിടാൻ ഇവർക്ക് കഴിയാത്തതാണ് കാരണം. കപ്പൽ സർവീസ് ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹിം പറഞ്ഞു. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നൽകാൻ സാധിക്കുന്നത്.
അതേസമയം, ഈ ആവേശകരമായ പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകൾ നടത്തിവരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഷാർജയും ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒരു കൺസോർഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേർന്നിട്ടുണ്ട്. ആറ് മാസത്തെ പാസഞ്ചർ കപ്പൽ ചാർട്ടർ ചെയ്തുകൊണ്ട് പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനം ആരംഭിക്കുക എന്നതാണ് ഈ കൺസോർഷ്യത്തിന്റെ കാഴ്ചപ്പാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല