1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2024

സ്വന്തം ലേഖകൻ: അബുദാബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചത് പ്രവാസി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമമെങ്കിലും നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക നൽകില്ലെന്ന് അറിയിച്ചതാണ് തിരിച്ചടിയായത്. ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണമെന്നാണ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ നിർദേശം.

ഇതോടെ കുടുംബാംഗങ്ങൾക്കായി ഇൻഷുറൻസ് ഇനത്തിൽ പ്രതിവർഷം ഇരുപതിനായിരത്തോളം ദിർഹം അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിലെ അംഗങ്ങളാണ് ഏറെ ബുദ്ധിമുട്ടുക. ഇൻഷുറൻസ് എടുക്കാത്തവർക്കു വീസ പുതുക്കാനും സാധിക്കില്ല.

40ന് മുകളിൽ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് വൻ വർധന. ബേസിക് പാക്കേജിലാണ് ഇത്രയും വർധന. വൻ തുക നൽകി ഇൻഷുറൻസ് എടുത്താൽ പോലും അത്യാവശ്യത്തിന് ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണാനും മരുന്ന് ലഭിക്കാനും മണിക്കൂറുകൾ കാത്തിരിക്കണമെന്നും പ്രവാസികൾ സൂചിപ്പിച്ചു. സാമാന്യം ഭേദപ്പെട്ട ഇൻഷുറൻസ് പാക്കേജിന് ഇരട്ടിത്തുക നൽകേണ്ടിവരും. 60 കഴിഞ്ഞവരുടെ ഇൻഷുറൻസ് ബേസിക് പാക്കേജിന് നേരത്തേ 900 ദിർഹമുണ്ടായിരുന്നത് 9,000 ദിർഹമാക്കി കൂട്ടി. ചില കമ്പനികൾ ഇത് 16,000 ദിർഹത്തിലേറെയാക്കി.

18 വയസ്സിനു മുകളിലുള്ള യുവതികൾക്കു മറ്റേണിറ്റി പ്രീമിയം എന്ന പേരിൽ ആയിരത്തിലേറെ ദിർഹം കൂടി നൽകേണ്ടിവരും. പ്രസവം നിർത്തിയവരും ഈ തുക നൽകണം. ദുബായിലും ഷാർജയിലും ചെറിയ തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമ്പോഴാണ് അബുദാബിയിൽ മാത്രം പ്രീമിയം ഇത്രയധികം കൂട്ടുന്നത്.

ഇൻഷുറൻസ് മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലയും ദിനംപ്രതി വർധിക്കുകയാണ്. സ്കൂൾ ഫീസ്, ബസ് ഫീസ് തുടങ്ങിയവയും വർധിച്ചിട്ടുണ്ട്. പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നത് പരിഗണിക്കുകയാണ്.

ഇൻഷുറൻസ് പാക്കേജ് (ശരാശരി)

0- 17 വയസ്സുവരെ– 2,500 ദിർഹം
18- 40 വയസ്സുവരെ– 3,000
41- 59 വയസ്സുവരെ– 7,200
60- 64 വയസ്സുവരെ– 16,000
65ന് മുകളിൽ– 18,000

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.