1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2024

സ്വന്തം ലേഖകൻ: രണ്ടു വര്‍ഷം മുമ്പ് കുവൈത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയ സംഭവമായിരുന്നു അറുപത് വയസ്സിന് മുകളിലുള്ള ബിരുദധാരികളല്ലാത്ത തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍. രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങളോളം 60 വയസ്സ് കഴിഞ്ഞ ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് കുവൈത്ത് തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പിന്നീട് 2000 ദിനാര്‍ ഫീസ് ഈടാക്കി വീസ പുതുക്കാന്‍ അവസരം നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അത് 250 ദിനാറായി കുറയ്ക്കുകയുണ്ടായി.

60 കഴിഞ്ഞ പ്രവാസി തൊഴിലാളികളുടെ അനുഭവ സമ്പത്തും തൊഴില്‍ വൈദഗ്ധ്യവും വലിയ തോതില്‍ നഷ്ടപ്പെടുത്താന്‍ ഈ തീരുമാനം ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിലവില്‍ 250 ദിനാര്‍ വര്‍ക്ക് പെര്‍മിറ്റ് റിന്യൂവല്‍ ഫീസിനു പുറമെ, ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും പ്രവാസി ജീവനക്കാരെ തൊഴില്‍ മേഖലയില്‍ നിന്ന് അകറ്റുന്നതുമായാണ് വിലയിരുത്തല്‍.

വീസ പുതുക്കാന്‍ ഉയര്‍ന്ന ഫീസ് ചുമത്തുന്നത് തൊഴില്‍ വിപണിയില്‍ നിന്ന് യഥാര്‍ത്ഥ വൈദഗ്ധ്യവും കഴിവുമുള്ള ആളുകളെ അകറ്റുന്നതായി കുവൈത്ത് റെസ്റ്റോറന്റ് ഓണേഴ്സ് യൂണിയന്‍ മേധാവി ഫഹദ് അല്‍ അര്‍ബാഷ് അഭിപ്രായപ്പെട്ടു. തങ്ങളുടെ മേഖലകളില്‍ പതിറ്റാണ്ടുകളുടെ അനുഭവവും കഴിവും ഉണ്ടായിരുന്നിട്ടും അറുപത് വയസ്സിന് മുകളിലുള്ള തൊഴിലാളികളെ തൊഴില്‍ വിപണിയില്‍ നിന്ന് ഒഴിവാക്കുന്നത് ഉല്‍പ്പാദനക്ഷമതയെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഒരു നെഗറ്റീവ് സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിചയ സമ്പന്നരായ ജീവനക്കാരുടെ അഭാവം സുപ്രധാന മേഖലകളിലെ ജോലിയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇവരെ ജോലിയില്‍ നിലനിര്‍ത്താന്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുന്നത് കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് എസ്എംഇകളില്‍ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതായും ബന്ധപ്പെട്ടവര്‍ വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് ബിരുദമില്ലാത്ത 60ന് മുകളില്‍ പ്രായമുള്ള ജീവനക്കാരുടെ ഫീസിന്റെ കാര്യത്തില്‍ പുനപ്പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് രാജ്യത്ത് വലിയ പദ്ധതികള്‍ വരാനിരിക്കുകയും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വീസ പുതുക്കുന്നതിനുള്ള ഫീസ് പൂര്‍ണമായി ഒഴിവാക്കുകയോ അത് കുറയ്ക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന പ്രവാസി ജീവനക്കാരും കമ്പനികളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.