സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകള്‍ പിന്‍വലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം പ്രവാസ ലോകത്ത് ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും കണ്ടു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര നിലപാട് അവസാനിക്കണമെന്നാണ് ആവശ്യം.
ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കി നോക്കിയശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതിനെതിരായി പ്രതിഷേധം ശക്തമായതോടെ കേന്ദ്രം നിരക്ക് ഏകീകരിച്ചു. പ്രായപൂര്‍ത്തിയായവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹം. 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതി എന്ന നിരക്ക് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ബംഗ്ലാദേശ്, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ സൗജന്യമായി പൗരന്മാരുടെ മൃതദേഹം നാട്ടിലേക്ക് പോകുമ്പോള്‍ ഇന്ത്യ എന്തുകൊണ്ട് തുക ഈടാക്കുന്നു എന്ന് പ്രവാസികള്‍ ചോദിക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നു. രാജ്യത്തെ എല്ലാ എം.പിമാര്‍ക്കും നിവേദനം നല്‍കുമെന്നും അഷ്‌റഫ് താമരശേരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല