സ്വന്തം ലേഖകൻ: അവധിക്കാല യാത്രകള്‍ കഴിഞ്ഞ് യാത്രക്കാരും കുറഞ്ഞതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി വിമാന കമ്പനികള്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ഒമാനില്‍ നിനിന്നുള്ള സര്‍വീസുകള്‍ക്ക് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ 29 ഒമാനി റിയാലിന് വരെ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഫെബ്രുവരി ആകുന്നതോടെ നിരക്ക് വീണ്ടും താഴും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെ കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറില്‍ 29 റിയാലിന് ടിക്കറ്റ് ലഭിക്കും. അഞ്ച് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമാണ് ഇതില്‍ അനുവദിക്കുക. എന്നാല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അടുത്ത ദിവസങ്ങളില്‍ കോഴിക്കോട്ടേക്ക് 32 റിയാല്‍ ആണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്ക് 31 റിയാലും തിരുവനന്തപുരത്തേക്ക് 39.33 റിയാലും കണ്ണൂരിലേക്ക് 35.8 റിയാലുമാണ് ടിക്കറ്റ് നിരക്കുകള്‍.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 20 കിലോ ബാഗേജ് കൂടി അനുവദിക്കുന്നുണ്ട്. ഇന്‍ഡിഗോയും സര്‍വീസ് ഉള്ള സെക്ടറുകളിലും സമാന നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഒമാന്‍ എയര്‍ നിരക്കിലും നേരിയ തുക മാത്രമാണ് അധികമുള്ളത്. ഇന്ത്യയിലെ മറ്റു സെക്ടറുകളിലും കുറഞ്ഞ നിരക്കില്‍ തന്നെ നിലവില്‍ ടിക്കറ്റ് ലഭ്യമാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
കേരള സെക്ടറുകളിലേക്ക് കൂടുതല്‍ ബജറ്റ് വിമാനങ്ങള്‍ ലഭ്യമായത് ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സലാം എയര്‍, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.കൂടുതല്‍ സര്‍വീസുകള്‍ ഉള്ളതിനാല്‍ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കി യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാന കമ്പനികളും ശ്രമിക്കുന്നു.
ബജറ്റ് എയര്‍ലൈനുകള്‍ നല്‍കുവരുന്ന നിരക്ക് കുറഞ്ഞ ടിക്കറ്റുകള്‍ വരും മാസങ്ങളിലും തുടര്‍ന്നേക്കും. അവധിക്കാലം അവസാനിച്ചതോടെ പ്രവാസികള്‍ ഭൂരിഭാഗവും മടങ്ങിയെത്തി. ശൈത്യകാല യാത്രികര്‍ ഇപ്പോഴുമുണ്ടെങ്കിലും വിമാന യാത്രക്കാരില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതും ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കി.
റമസാന്‍ കഴിഞ്ഞ് ചെറിയ പെരുന്നാള്‍ സീസണും തുടര്‍ന്നുള്ള മാസങ്ങളിലെ അവധിക്കാലവും എത്തുന്നതോടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കും. ഇതിനാല്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തുവയ്ക്കുന്നവരും നിരവധിയാണ്. അതേസമയം, നിലവിലെ സാഹചര്യം മുതലെടുത്ത് നാട്ടിലേക്ക് പോകുന്നവരും അവധി നേരത്തെയാക്കുന്നവരും പ്രവാസി മലയാളികളിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല