1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2024

സ്വന്തം ലേഖകൻ: ഒമാന്‍ വ്യക്തിഗത ആദായനികുതി അഥവാ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്നാണ് ആദായ നികുതി ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2026 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചയെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് ജൂലൈയില്‍, ഒമാനി പാര്‍ലമെന്റിന്റെ അധോസഭയായ മജ്ലിസ് അല്‍ ഷൂറ, കരട് ആദായനികുതി നിയമത്തിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ഉപരിസഭയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അന്തിമ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിക്കുന്നതോടെ രാജ്യത്തെ ഉയര്‍ന്ന വരുമാനക്കാര്‍ നിശ്ചിത ശതമാനം ഇന്‍കം ടാക്‌സ് നല്‍കേണ്ടിവരും. നിലവില്‍ ഒമാനി പൗരന്മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും ആദായനികുതി ഈടാക്കുന്നില്ല.

കരട് നിയമപ്രകാരം പ്രവാസികള്‍ക്കാണ് സ്വദേശികളെക്കാള്‍ കൂടുതല്‍ ആദായ നികുതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒമാനില്‍ ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ അഥവാ 38,500 ഒമാന്‍ റിയാല്‍ വരുമാനമുള്ള വിദേശ പൗരന്മാര്‍ക്ക് അഞ്ച് മുതല്‍ ഒന്‍പത് ശതമാനം വരെ ആദായ നികുതി ചുമത്താനാണ് കരട് നിയമം ശുപാര്‍ശ ചെയ്യുന്നത്. അതേസമയം ഒമാനി പൗരന്മാര്‍ക്ക് 10 ലക്ഷം ഡോളറില്‍ കൂടുതല്‍ അഥവാ 3.85 ലക്ഷം ഒമാന്‍ റിയാല്‍ വരുമാനമുണ്ടെങ്കില്‍ അവര്‍ അഞ്ച് ശതമാനം നികുതി നല്‍കണം.

രാജ്യത്തിന്റെ വികസനത്തെ പിന്തുണയ്ക്കുന്നതിന് എണ്ണ, വാതക വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ നികുതി നടപടികള്‍ ഒമാന്‍ നേരത്തേ നടപ്പിലാക്കിയിരുന്നു. കോര്‍പ്പറേറ്റ് ആദായനികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), എക്‌സൈസ് നികുതി എന്നിവ ഇതിനകം ഒമാന്‍ നടപ്പിലാക്കി വരുന്നുണ്ട്.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ അഞ്ച് ശതമാനം വാറ്റ് നിരക്കോ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളോ നിയമലംഘനങ്ങള്‍ക്കുള്ള പിഴകളോ വര്‍ദ്ധിപ്പിക്കുന്നതിന് പകരം കോര്‍പ്പറേറ്റ് ടാക്‌സ് അഡ്മിനിസ്‌ട്രേഷനും ശേഖരണവും വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ ആദായ നികുതി പദ്ധതി ഒമാന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വന്‍ വികസന പദ്ധതികളാണ് ഒമാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാവശ്യമായ ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.