1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2024

സ്വന്തം ലേഖകൻ: വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്. ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായി എണ്ണയിതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. രാജ്യത്തെ പ്രവാസികള്‍ക്കും ഇത് ബാധകമാവുമെന്നാണ് റിപ്പോര്‍ട്ട്.

2021-2040 കാലയളവിലെ സാമ്പത്തിക സാമൂഹിക ആസൂത്രണത്തിനായുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒമാന്‍ വിഷന്‍ 2040. വിവിധ മേഖലകളിലെ സാമ്പത്തിക തന്ത്രങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള പഞ്ചവത്സര വികസന പദ്ധതികളും ആസൂത്രണം ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് ആദായ നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്‍ പാര്‍ലമെന്റിന്റെ അധോസഭയായ മജ്ലിസ് അല്‍ ശൂറ ഒരു കരട് നിയമം അംഗീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദായ നികുതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വരുമാനത്തിന്റെ അഞ്ച് ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ വിവിധ സ്ലാബുകളിലായി ഇന്‍കം ടാക്‌സ് നല്‍കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫ് മേഖലയില്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നത് പ്രവാസികളെയും ബിസിനസുകാരെയും നിക്ഷേപകരെയും ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടങ്ങളിലൊന്നായിരുന്നു. ആ ആകര്‍ഷണമാണ് ഇതോടെ ഇല്ലാതാവുന്നത്. ഒമാനില്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്നതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഈ പാത പിന്തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്തിമ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിനായി അത് ഉപരിസഭയായ സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറുകയും ചെയ്തു.

ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ, വാതക വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും എണ്ണയിതര സാമ്പത്തിക സ്രോതസ്സുള്‍ കണ്ടെത്തുന്നതിനുമായി അടുത്ത കാലത്തായി വിവിധ നികുതി സംരംഭങ്ങള്‍ അവതരിപ്പിച്ചിരുന്നു. യുഎഇ കഴിഞ്ഞ വര്‍ഷം ആദ്യമായി ബിസിനസ്സ് ലാഭത്തിന് ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തി. ബിസിനസ് സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഒന്‍പത് ശതമാനം എന്ന കുറഞ്ഞ നിരക്കിലാണ് നികുതി ഈടാക്കുന്നത്.

സൗദി അറേബ്യ 20 ശതമാനം കോര്‍പ്പറേറ്റ് ആദായ നികുതി ചുമത്തുമ്പോള്‍ ഖത്തര്‍ 10 ശതമാനമാണ് ഈടാക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും നടപ്പാക്കിയിട്ടുണ്ട്. 2020ല്‍ സൗദി അറേബ്യ വാറ്റ് നിരക്ക് 15 ശതമാനമായി ഉയര്‍ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.