സ്വന്തം ലേഖകൻ: 2023-ല്‍ കേരളത്തിന് പുറത്തേക്ക് മലയാളികള്‍ ചിലവഴിച്ചത് 43,378.6 കോടി രൂപയെന്ന് കണക്കുകള്‍. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ കുടിയേറ്റ സര്‍വേയിലാണ് വിവരങ്ങള്‍. അതേസമയം, 2.14 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലേക്ക് വന്നത്. 2018-നെ അപേക്ഷിച്ച് പ്രവാസികളില്‍നിന്ന് കേരളത്തിലേക്ക് വന്ന തുകയേക്കാള്‍ 154.9% വര്‍ധനവുണ്ടായിട്ടുമുണ്ട്.
കേരളത്തിന്റെ ആകെ ജനസംഖ്യയുടെ ആറ് ശതമാനത്തോളംവരും മറ്റ് രാജ്യങ്ങളിലേക്കും രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറിയവരുടെ എണ്ണമെന്നുമാണ് സര്‍വേയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ പത്തില്‍ നാല് കുടുംബങ്ങളിലും ആരെങ്കിലുമൊരാള്‍ കുടിയേറ്റക്കാരനാണ്. കേരളത്തില്‍നിന്ന് ഏറ്റവുമധികം ആളുകള്‍ പോയിട്ടുള്ള രാജ്യം യു.എ.ഇ. ആണ്. ഇവിടെനിന്ന് തന്നെയാണ് കൂടുതല്‍ ആളുകള്‍ തിരികെ എത്തിയതും. വിദേശത്തുനിന്ന് തിരികെ എത്തിയ മലയാളികളുടെ ആകെ എണ്ണം 17 ലക്ഷമാണ്. 2018-നെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 38.4% വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
തിരികെ വന്നവരില്‍ 71% പേരും വിവിധ പ്രതിസന്ധികളെ തുടര്‍ന്നാണ് പ്രവാസം അവസാനിപ്പിച്ചത്. ജോലി നഷ്ടപ്പെടല്‍, പ്രാദേശികവത്കരണം, മഹാമാരി തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. കേരളത്തില്‍ 10-ല്‍ രണ്ട് കുടുംബങ്ങളിലും ഇങ്ങനെ തിരികെ വന്നവരുണ്ട്. 3.5 ലക്ഷം പേര്‍ തിരികെ വന്ന മലപ്പുറം ജില്ലയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവാസം അവസാനിപ്പിച്ചത്. അതില്‍തന്നെ തിരൂരങ്ങാടിയിലാണ് കൂടുതല്‍ ആളുകളുമുള്ളത്.
22 ലക്ഷം ആളുകളാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറിയിട്ടുള്ളത്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 18 ലക്ഷത്തോളം ആളുകള്‍ പല കാലങ്ങളിലായി തിരികെ സംസ്ഥാനത്ത് എത്തിയിട്ടുമുണ്ട്. നിലവില്‍ അഞ്ച് ലക്ഷം ആളുകളാണ് ഇപ്പോഴും കുടിയേറ്റത്തിലുള്ളത്. കേരളത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2.5 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് വേണ്ടി കേരളം വിട്ടത്. 2018-നെ അപേക്ഷിച്ച് 92 ശതമാനം വര്‍ധനവ് ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിയേറ്റക്കാരില്‍ 11.3 ശതമാനമാണ് വിദ്യാര്‍ഥികളുടെ പങ്ക്. മലയാളികളില്‍ 4.2 ലക്ഷം കുടുംബങ്ങള്‍ പൂര്‍ണമായി കുടിയേറിയവരാണ്. സ്ത്രീകള്‍ വീടുകളിലും ഭര്‍ത്താവോ മക്കളോ മാത്രമായി മറ്റിടങ്ങളിലേക്ക് പോയവര്‍ 10 ലക്ഷം വരുമെന്നും കുടിയേറ്റ സര്‍വേയില്‍ പറയുന്നു. 20 ലക്ഷം കുട്ടികള്‍ മാതാപിതാക്കള്‍ വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോയയതിനെ തുടര്‍ന്ന് വീടുകളിലുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളും സര്‍വേയില്‍ പുറത്തുവന്നു.
ഇന്ത്യയ്ക്കകത്ത് കര്‍ണാടകയിലേക്കാണ് മലയാളികള്‍ കൂടുതലും കുടിയേറുന്നത്. വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഇത്. ഇന്ത്യയ്ക്കകത്ത് വിവിധ സംസ്ഥാനങ്ങളിലായി 30 ലക്ഷം മലയാളികളുണ്ടെന്നാണ് കണക്ക്. എന്നാല്‍, ലോകത്താകമാനം 50 ലക്ഷം മലയാളികള്‍ വിവിധ രാജ്യങ്ങളിലായുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല