സ്വന്തം ലേഖകൻ: വയനാടിനെയോർത്ത് തേങ്ങുകയാണ് ഗൾഫിലെ മലയാളി പ്രവാസികൾ. യുഎഇ, സൗദി, ഖത്തര്‍, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ വയനാട്ടുകാർ ജോലി ചെയ്യുന്നു. ഇവരെല്ലാം സംഭവമറിഞ്ഞതുമുതൽ പ്രാർഥനയിലാണ്, ഉറ്റവർക്കും നാട്ടുകാർക്കും വേണ്ടി. ഇവരിൽ പലരുടെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രകൃതിദുരന്തം ബാധിച്ചിട്ടുണ്ട്.
ഉരുൾപൊട്ടിയെന്ന വാർത്ത എത്തിയതോടെ പലരും രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു. പലതും സ്വിച്ച്ഡ് ഓഫ് എന്നോ പരിധിക്കുപുറത്തെന്നും മറുതലക്കൽ കേട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ കടുത്ത നിരാശയിലും ഭയപ്പാടിലുമാണ് മിക്ക പ്രവാസികളും.
മിണ്ടിയും പറഞ്ഞുമിരുന്ന ഉറ്റവരും ഉടയവരും ഓടികളിച്ചുവളർന്ന വീടും ഇടവഴികളും നാടുമൊക്കെ ഒന്ന് ഇരുട്ടിവെളുക്കും മുൻപെ പ്രകൃതിയുടെ വിളയാട്ടത്തിൽ ഇല്ലാതായപ്പോൾ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ നെടുവീർപ്പും നിലവിളിയുമാണ് ഓരോ പ്രവാസിയുടെയും കാതുകളിൽ മുഴങ്ങുന്നത്.
അതിനിടെ വയനാട്ടിൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ അനുശോചനമറിയിച്ച് യു.എ.ഇ. കേരളത്തിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്ത്യൻ ജനതക്കും സർക്കാറിനും ഇരകളായവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവർക്ക് അതിവേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അധികൃതർ ആശംസിച്ചു. കേരളത്തിലെ കനത്ത മഴയുടെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ കോൺസുലേറ്റ് വൃത്തങ്ങൾ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ബഹ്റൈനും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അഗാധ അനുശോചനവും സഹതാപവും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല