സ്വന്തം ലേഖകൻ: തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) മെഗാ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.”നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു” എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുക. പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവർ ഈ ആഘോഷത്തിൽ അതിഥികളായി പങ്കെടുക്കും.
അൽഖുസ് ഏരിയയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുന്നത്. ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജി ഡി ആർ എഫ് എ -ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഡിസംബർ 31 ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി, അർധരാത്രി വരെ തുടരും. 2025 പുതുവർഷം തുടക്കം കുറിക്കുബോൾ ഗംഭീരമായ വെടിക്കെട്ടും ചടങ്ങിൽ ഉണ്ടാകും.
അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവയും ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടുവാൻ ഉണ്ടാകുമെന്ന് ജി ഡി ആർ എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടറും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു.
ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം; അതിഥികളായി പ്രമുഖ ഇന്ത്യൻ താരങ്ങൾ പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും. വിവിധ കാറുകൾ, സ്വർണ ബാറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, യാത്രാ ടിക്കറ്റുകൾ, ക്യാഷ് പ്രൈസുകൾ, 100 സ്മാർട്ട് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ സമ്മാനങ്ങളാണ് നൽകുക എന്നും ഇവ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന നന്ദിയുടെയും അഭിനന്ദനത്തിൻ്റെയും ആദരവാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയുടെ പിന്തുണയോടെ മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഈ ആഘോഷങ്ങൾ അടിവരയിടുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് ഡപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികളെ ആദരിക്കുന്നത് സാമൂഹിക ഐക്യം വളർത്തുന്നതിനും അതിൻ്റെ വികസന യാത്രയിൽ സംഭാവന ചെയ്യുന്ന എല്ലാവരെയും ആഘോഷിക്കുന്നതിനുമുള്ള ദുബായിയുടെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളെ ആദരിക്കുന്നത് നഗരത്തിൻ്റെ വികസനപരവും സാമ്പത്തികവുമായ പുരോഗതിയെ പിന്തുണയ്ക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനുള്ള അഭിനന്ദമാണെന്ന് ജിഡിആർഎഫ്എ ദുബായിലെ വർക്ക് റെഗുലേഷൻ സെക്ടറിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുല്ല ബിൻ അജിഫ് പറഞ്ഞു. ദുബായിലെ തൊഴിലാളികളുടെ പുതുവത്സരാഘോഷങ്ങൾ ഒരു പുതുവർഷത്തിൻ്റെ തുടക്കം മാത്രമല്ല, ദുബായിയെ മികവിൻ്റെയും പുതുമയുടെയും ആഗോള പ്രതീകമാക്കി മാറ്റുന്നതിൽ തൊഴിലാളികളുടെ പങ്കിനുള്ള ആദരവായി മാറും പുതുവത്സരാഘോഷമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല