
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സ സൗജന്യമാക്കി ഉത്തരവ്. ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചികിത്സ ഉറപ്പുവരുത്താന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ സന്നദ്ധമാകണമെന്നും ആരോഗ്യ മന്ത്രി ഉത്തരവില്‍ വ്യക്തമാക്കി.
മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ചികിത്സക്ക് തടസ്സമാകാത്ത വിധത്തില്‍ നിശ്ചിത ഫീസ് ഈടാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഒമാന്‍ പൗരന്‍മാര്‍, മൂന്ന് മാസത്തില്‍ കൂടുതലായി ഒമാനില്‍ കഴിയുന്ന ജി സി സി പൗരന്‍മാര്‍, ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികള്‍, സ്വദേശി പുരുഷന്‍മാരെ വിവാഹം കഴിച്ച വിദേശി, ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍, സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍, ഇവരുടെ കുടുംബങ്ങള്‍, വിദേശ നയതന്ത്ര പ്രതിനിധികള്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ചികിത്സ സൗജന്യമാണെന്നും ആരോഗ്യ മന്ത്രിയുടെ ഉത്തരവില്‍ വ്യക്തമാക്കി.
അതിനിടെ അറബിക്കടലില്‍ രൂപംകൊണ്ട ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് ഒമാനെലെത്തിയേക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത തിങ്കളാഴ്ച ആയിരിക്കും ചുഴലിക്കാറ്റ് ഒമാനെലെത്തുക. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, മസ്‌കത്ത്, അല്‍ വുസ്ത, എന്നീ ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യം മനസ്സിലാക്കി ആവശ്യമായ മുന്നറിയിപ്പ് നൽകും. ഇന്ന് വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല