സ്വന്തം ലേഖകൻ: വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേര്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കും. നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍.
മുമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കോവിന്‍ പോര്‍ട്ടലില്‍നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നു ബാച്ച് നമ്പറും തീയതിയും കൂടി എഴുതിവാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
അപേക്ഷ പരിശോധിച്ച് തീയതിയും ബാച്ച് നമ്പറുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് പോര്‍ട്ടലില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഇപ്പോള്‍, വാക്സിനെടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്സിന്‍ നല്‍കിക്കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്.എം.എസ്. ലഭിക്കും. ഉടന്‍ പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
സംശയങ്ങള്‍ക്ക്: 1056, 104.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല