സ്വന്തം ലേഖകന്‍: ഈ വര്‍ഷം കാലവര്‍ഷം തകര്‍ക്കും, കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം സ്വാഭാവിക മണ്‍സൂണ്‍ ലഭിക്കുമെന്നും ശരാശരിയില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാത്തോഡ് പറഞ്ഞു.
എല്‍ നിനോ കാറ്റ് പസിഫിക് മേഖലയിലെ താപനില ഉയര്‍ത്തും. ഇത് കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും കടുത്ത ചൂടിനിടയാക്കും. എന്നാല്‍ ദക്ഷിണ അമേരിക്കയില്‍ ഇത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് കാരണമാവുക. കനത്ത വരള്‍ച്ച ദുരിതം നേരിടുന്ന മഹാരാഷ്ട്രയിലും ഇത്തവണ നല്ല മഴ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 106 ശതമാനം മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷം വരെ ഇത് 94 ശതമാനമായിരുന്നു.
ഇന്ത്യയിലെ പകുതിയോളം കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണാണ്. ഇന്ത്യയില്‍ 20 ശതമാനം മഴയും ലഭ്യമാകുന്നത് മണ്‍സൂണിലാണ്. സ്വകാര്യ കാലാവസ്ഥാ നീരീക്ഷക സ്ഥാപനമായ സ്‌കൈമെറ്റും ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. രാജ്യം കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോകുമ്പോള്‍ പുറത്തുവരുന്ന ഈ പ്രവചനങ്ങള്‍ കര്‍ഷകരേയും നിരീക്ഷരേയും ആശ്വാസം കൊള്ളിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല