മോഷ്ടാക്കളാകുമ്പോള്‍ അന്യരുടെ കൈയ്യില്‍ നിന്ന് വെടിയേല്‍ക്കുന്നതും തല്ലു കൊള്ളുന്നതും സാധാരണമാണെന്നും എന്നു വച്ച് ശിഷയില്‍ ഇളവുണ്ടാകുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും ബ്രട്ടീഷ് കോടതിയുടെ ഉപദേശം. ലെയ്സ്റ്റര്‍ കോടതിയിലെ ജഡ്ജിയായ മൈക്കല്‍ പെര്‍ട്ടാണ് കള്ളന്‍മാര്‍ക്ക് ഉപദേശവുമായി രംഗത്ത് എത്തിയത്. ലെയ്സ്റ്ററിലെ സ്ഥിരം മോഷ്ടാക്കളായ ജോഷ്വാ ഓ ഗോര്‍മാനും ഡാനിയല്‍ മാന്‍ലെല്ലിനുമാണ് ജഡ്ജിയുടെ വക ഉപദേശം കിട്ടിയത്.
ഈ മാസം രണ്ടിനാണ് സംഭവം. ലെയ്സ്റ്ററിലെ മെല്‍റ്റന്‍ മൗബ്രെയ്ക്ക് സമൂപമുള്ള വെല്‍ബിയിലെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇരുവര്‍ക്കും വീട്ടുടമസ്ഥരുടെ കൈയ്യില്‍ നിന്നും വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ട് മോഷ്ടാക്കളേയും ആശുപത്രിയിലാക്കിയ ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് മോഷ്ടാക്കളെ വെടിവെച്ച കുറ്റത്തിന് വീട്ടുടമസ്ഥരായ ആന്‍ഡി ഫെറിയേയും ഭാര്യ ട്രേസിയേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സ്വയരക്ഷയ്ക്കായാണ് ഇരുവരും മോഷ്ടാക്കളെ വെടിവെച്ചത് എന്ന് മനസ്സിലാക്കിയതോടെ പോലീസ് ഇരുവരേയും മോചിപ്പിച്ചിരുന്നു.
വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുമ്പോഴാണ് തങ്ങള്‍ക്ക് വെടിയേറ്റതെന്ന് മോഷ്ടാക്കള്‍ കോടതിയില്‍ സമ്മതിച്ചു. തുടര്‍ന്നാണ് കോടതി അത്യപൂര്‍വ്വമായ ഈ നിരീക്ഷണം നടത്തിയത്. ഇരുവര്‍ക്കും നാല് വര്‍ഷം വീതം തടവ് ലഭിച്ചു. തങ്ങള്‍ക്ക് വെടിയേല്‍ക്കുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തതിനാല്‍ ചെറിയ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു രണ്ട് മോഷ്ടാക്കളുടേയും വാദം. ഈ സാഹചര്യത്തിലാണ് മോഷണം നടക്കുമ്പോള്‍ പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് ജഡ്ജി നിരീക്ഷിച്ചത്.
കവര്‍ച്ച ചെയ്യാന്‍ പോകുന്ന വീടിന്റെ ഉടമ നിയമപരമായി തോക്ക് സൂക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വെടിയേല്‍ക്കാനുള്ള സാധ്യത ഉണ്ടെന്നും ഇനി വെടിയേറ്റാല്‍ തന്നെ അതി ശിക്ഷ ലഭിക്കാതിരിക്കാനുള്ള കാരണമല്ലെന്നും ജഡ്ജി അവരോട് വ്യക്തമാക്കി. വെടിയേറ്റുണ്ടായ പരുക്ക് ഗുരുതരമാണെന്ന് മോഷ്ടാക്കള്‍ കോടതിയില്‍ വാദിച്ചപ്പോള്‍ അതേ പോലെ ഗുരുതരമാണ് ഫെറി ദമ്പതികളുടെ അറസ്റ്റും എന്നായിരുന്നു കോടതിയുടെ മറുപടി. സ്വയരക്ഷയ്ക്കായി വെടിവച്ച ശേഷം ആ കുറ്റത്തിന് നാല്പത് മണിക്കൂറോളം തടവില്‍ കിടക്കേണ്ടി വരുന്നത് ഗുരുതരമായ മനോവേദനയാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മോഷ്ടാക്കളെ വെടിവച്ചതിന് ശേഷം ദമ്പതിമാരെ അറസ്റ്റ് ചെയ്തത് പരക്കെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ജഡ്ജിയുടെ നിരീക്ഷണവും വിധിയും വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. ഫെറി ദമ്പതികളുടെ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ഇന്റര്‍നാഷണല്‍ ഡെവലെപ്പ്‌മെന്റ് മന്ത്രിയുമായ അലന്‍ ഡുണ്‍കാന്‍ വിധി സ്വാഗതം ചെയ്തു.
1999ല്‍ മോഷ്ടാവിനെ കുത്തികൊലപ്പെടുത്തിയ ടോണി മാര്‍ട്ടിന്‍ എന്നയാളെ കൊലപാതക കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെയാണ് സ്വത്ത് സംരക്ഷിക്കുന്നതിനുള്ള അവകാശത്തെ ചൊല്ലി വന്‍ ചര്‍ച്ചയാണ് രാജ്യത്ത് നടന്നത്. അപ്പീല്‍ നല്‍കിയശേഷം ടോണി മാര്‍ട്ടിന്റെ ശിക്ഷ അഞ്ച് വര്‍മായി ഇളവ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡില്‍ വച്ച് മോഷ്ടാവിനെ കൊലപ്പെടുത്തിയ പീറ്റര്‍ എന്നയാളെ കോടതി വെറുതേ വിട്ടിരുന്നു. ആത്മരക്ഷയ്ക്കായാണ് താന്‍ ഇത് ചെയ്തത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല