സ്വന്തം ലേഖകൻ: ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാം സ്ഥാനം അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിക്ക്. ഇസിഎ ഇന്റര്‍നാഷനല്‍ തയാറാക്കിയ, ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2023 ലെ പട്ടികയിലാണ് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യൂയോര്‍ക്ക് ഒന്നാമതെത്തിയത്.
കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ഒന്നാമതായിരുന്ന ഹോങ്കോങ് രണ്ടാം സ്ഥാനത്തായി. കുത്തനെ ഉയരുന്ന താമസച്ചെലവും പണപ്പെരുപ്പവുമാണ് ന്യൂയോര്‍ക്ക് സിറ്റിയെ ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ നഗരമാക്കി മാറ്റിയത്. ജനീവ, ലണ്ടന്‍ എന്നിവയാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം പതിമൂന്നാമതായിരുന്ന സിംഗപ്പൂർ ഇത്തവണ അഞ്ചാമതാണ്.
120 രാജ്യങ്ങളിലെ 207 പ്രദേശങ്ങളിലെ താമസച്ചെലവ്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില എന്നിവ കണക്കാക്കിയാണ് ഇസിഎ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഫ്രഞ്ച്, നോര്‍വീജിയന്‍, സ്വീഡിഷ് നഗരങ്ങളില്‍ ജിവിതച്ചെലവു കുറഞ്ഞതായി പട്ടിക സൂചിപ്പിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോര്‍ക്കിനു പുറമേ സാന്‍ ഫ്രാന്‍സിസ്‌കോ (7), ലൊസാഞ്ചലസ് (15), ഷിക്കാഗോ (20) എന്നിവയാണ് ആദ്യ ഇരുപതിലെത്തിയ മറ്റ് അമേരിക്കന്‍ നഗരങ്ങള്‍.
ദുബായിൽ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വാടക 33 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ 11 സ്ഥാനം കയറി ദുബായ് പട്ടികയിൽ 12 ാമത് എത്തി. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ അഞ്ചാം സ്ഥാനത്തു നിന്നു പത്താമതെത്തി. ചൈനയിലെ പല നഗരങ്ങളിലും ജീവിതച്ചെലവു കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായ്, ഗുവാങ്‌സു, ബെയ്ജിങ് എന്നിവിടെയെല്ലാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജീവിതച്ചെലവു കുറഞ്ഞെന്നും ഇസിഎ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികയിലെ ആദ്യ 20 നഗരങ്ങൾ
1 ന്യൂയോര്‍ക്ക് 2 ഹോങ്കോങ് 3 ജനീവ 4 ലണ്ടന്‍ 5 സിംഗപ്പൂര്‍ 6 സൂറിച്ച് 7 സാന്‍ഫ്രാന്‍സിസ്‌കോ 8 ടെല്‍ അവീവ് 9 സോള്‍ 10 ടോക്കിയോ 11 ബേണ്‍ 12 ദുബായ് 13 ഷാങ്ഹായ് 14 ഗുവാങ്‌സു 15 ലൊസാഞ്ചലസ് 16 ഷെന്‍സെന്‍ 17 ബെയ്ജിങ് 18 കോപ്പര്‍ഹേഗന്‍ 19 അബുദാബി 20 ഷിക്കാഗോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല