സ്വന്തം ലേഖകൻ: ഇ വീസ സിസ്റ്റത്തിലെ വീഴ്ചകള്‍ മൂലം കാലാവധി കഴിഞ്ഞ ഐഡന്റിറ്റി രേഖകളുമായി യാത്രക്കാര്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് മൈഗ്രേഷന്‍ & സിറ്റിസണ്‍ഷിപ്പ് മന്ത്രി സീമാ മല്‍ഹോത്ര. പ്രശ്‌നങ്ങള്‍ നേരിട്ടതോടെ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് മാറുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവെയ്ക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ വംശജരെ ഈ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇ-വീസാ അപേക്ഷകര്‍ക്ക് പുതിയ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ യുകെയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് പോലുള്ള യുകെയില്‍ തങ്ങാന്‍ അവകാശം നല്‍കുന്ന രേഖകളുടെ പ്രാബല്യം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്.
എന്നാല്‍ ഡിജിറ്റല്‍ സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ മൂലം വിദേശത്ത് പോയ നൂറുകണക്കിന് യുകെയിലെ താമസക്കാര്‍ക്ക് മടങ്ങിയെത്താന്‍ കഴിയുന്നില്ലെന്ന് ഹോം ഓഫീസ് സ്രോതസ്സുകള്‍ സമ്മതിക്കുന്നു. ഇ-വീസ ലഭിക്കാത്തതിനാല്‍ ജോലിയും, വാടക വീടും ലഭിക്കുന്നില്ലെന്നും കുടിയേറ്റ തൊഴിലാളികള്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഈ ആശങ്കകള്‍ മനസ്സിലാക്കിയതോടെയാണ് ആഘോഷ സീസണ്‍ വരാന്‍ ഇരിക്കവെ ഡിസംബര്‍ 31ന് കാലാവധി തീരുന്ന ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റും, ഇയു സെറ്റില്‍മെന്റ് സ്‌കീം ബയോമെട്രിക് റസിഡന്‍സ് കാര്‍ഡും 2025 മാര്‍ച്ച് 31 വരെ തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുന്നതെന്ന് മല്‍ഹോത്ര അറിയിച്ചു. ഈ വിഷയത്തില്‍ എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല