1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2025

സ്വന്തം ലേഖകൻ: ട്രാഫിക് നിയമത്തില്‍ പുതിയ ഭേദഗതിയുമായി സൗദി. ഇതുപ്രകാരം, കാലഹരണപ്പെട്ട വാഹന രജിസ്‌ട്രേഷന്‍ (ഇസ്തിമാറ) ഉപയോഗിച്ച് റോഡുകളില്‍ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കും. ഈ ഭേദഗതി ഉള്‍പ്പെടുത്തിയാണ് നിലവിലെ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിൻ്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഭേദഗതി പ്രകാരം ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 റദ്ദാക്കി. ഇതോടെ, ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പുതുക്കുന്നത് വൈകിയാൽ ഓരോ വര്‍ഷത്തിനും, അതിൻ്റെ ഭാഗത്തിനും 100 റിയാൽ വീതം പിഴ ഈടാക്കും. ഇതിനുള്ള പരമാവധി പിഴ 300 റിയാലായും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസന്‍സ് കാലഹരണപ്പെട്ട തീയതി മുതല്‍ 60 ദിവസത്തിന് ശേഷമാണ് പിഴ ചുമത്തുക.

ഇതിനു പുറമെ, അക്കൗണ്ടിങ്, ഓഡിറ്റിങ്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഹകരിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിനിമയ സഹകരണത്തിനുമായി കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുമായി സൗദി ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് ഒപ്പുവച്ച രണ്ട് ധാരണാപത്രങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.

പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ പുതിയ നിയമത്തിനും യോഗം അംഗീകാരം നല്‍കി. സൗദി സെൻ്റര്‍ ഫോര്‍ വാക്സിന്‍ ആന്‍ഡ് പ്രോട്ടീന്‍ ട്രീറ്റ്മെൻ്റിൻ്റെ നിര്‍മ്മാണവും സ്ഥാപനവും പൂര്‍ത്തിയാക്കുന്നതിനുള്ള ചുമതലകള്‍ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.