1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2024

സ്വന്തം ലേഖകൻ: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍.

അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ബയ്‌റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ തുടങ്ങി വിവിധ ഇടങ്ങളിൽ സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു സ്ഫോടനമെന്ന് റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ 450-ലേറെപ്പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതില്‍ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചത്തെ സ്‌ഫോടനത്തില്‍ മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവർക്കും പരിക്ക്.

ഹിസ്ബുള്ളയുടെ എം.പി.മാരായ അലി അമ്മാർ, ഹസ്സൻ ഫദ്‍ലള്ള എന്നിവരുടെ ആൺമക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും മരിച്ചവരിലുൾപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവരം. ലെബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. അവർക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് തുടരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത്.

അതേസമയം മിഡിൽ ഈസ്റ്റിൽ പുതിയ പോർമുഖം തുറന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണം ഒരു വർഷത്തോടടുക്കുന്ന സമയത്ത് യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്‌ ആണ് ഇക്കാര്യം പറഞ്ഞത്. ലെബനനിൽ വ്യാപകമായി ഉപകരണങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഫോടന പരമ്പര അരങ്ങേറുന്നതിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേൽ രംഗത്തെത്തിയത്.

ഹിസ്ബുള്ളയ്ക്കെതിരേ, പേജറുകളുപയോഗിച്ച് സ്ഫോടനപരമ്പര നടത്താൻ ഇസ്രയേൽ മാസങ്ങൾക്കുമുൻപ് തയ്യാറെടുപ്പുതുടങ്ങിയിരുന്നെന്ന് റിപ്പോർട്ട്. ഈ വർഷമാദ്യം ഹിസ്ബുള്ള ഇറക്കുമതിചെയ്ത 5000 പേജറുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നെന്ന് ലെബനീസ് സുരക്ഷാവിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.