സ്വന്തം ലേഖകൻ: ഒക്‌ടോബറിൽ ആരംഭിക്കുന്ന എക്‌സ്‌പോ ദോഹയിലേക്ക് 2,200 വൊളന്റിയർമാരെ തിരഞ്ഞെടുക്കും. ഇതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. അൽബിദ പാർക്കിൽ ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ 6 മാസം നീളുന്ന മെഗാ ഇവന്റിനുള്ള അന്തിമ ഒരുക്കങ്ങളിലാണ് രാജ്യം. ഗ്രീൻ ടീം എന്നാണ് വൊളന്റിയർ ടീമിന് നൽകിയിരിക്കുന്ന പേര്.
സ്വദേശി പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്കും വൊളന്റിയർ ആകാം. അക്രഡിറ്റേഷൻ, ടിക്കറ്റിങ്, മീഡിയ-ബ്രോഡ്കാസ്റ്റിങ്, ഇവന്റ്‌സ് ആൻഡ് കളർചറൽ എക്‌സ്പീരിയൻസ്, ഹെൽത്ത് ആൻഡ് സേഫ്റ്റി, ലഗേജ് സർവീസ്, പ്രോട്ടോക്കോൾ സർവീസ് തുടങ്ങി വിവിധ മേഖലകളിലാണിത്.
വൊളന്റിയർ സേവനത്തിന് പ്രതിഫലമില്ല. യൂണിഫോം, വൊളന്റിയർമാർക്ക് മാത്രമുള്ള ഇവന്റുകളിലേക്ക് പ്രവേശനം, സേവനത്തിനുള്ള സർട്ടിഫിക്കറ്റ്, ദോഹയ്ക്കുള്ളിൽ സൗജന്യ മെട്രോ യാത്ര, ഷിഫ്റ്റ് സമയങ്ങളിൽ ഭക്ഷണ-പാനീയങ്ങൾ എന്നിവയാണ് ലഭിക്കുക.
വിദഗ്ധ പരിശീലനവും നൽകും. 30 ലക്ഷം സന്ദർശകരെയാണ് രാജ്യാന്തര ഹോർട്ടി കൾചറൽ പ്രദർശനമായ എക്‌സ്‌പോ ദോഹ 2023 ലേക്ക് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ മെഗാ ഇവന്റാണിത്.
2023 സെപ്റ്റംബർ 1നകം 18 വയസ്സ് പൂർത്തിയായവർക്കാണ് വൊളന്റിയർ ആകാൻ യോഗ്യത. മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
ഇംഗ്ലിഷ് സംസാരിക്കാൻ അറിയണം. എക്‌സ്‌പോ തുടങ്ങി അവസാനിക്കുന്ന 6 മാസവും ഖത്തറിൽ ഉണ്ടായിരിക്കണം. ഒരു മാസം 7-8 ദിവസം സേവനം ചെയ്യണം. 6 മാസത്തിനിടെ 45 ഷിഫ്റ്റ് ആണ് ഒരാൾക്ക് ലഭിക്കുന്നത്.
ഒരു ഷിഫ്റ്റ് ദൈർഘ്യം 6 മുതൽ 8 മണിക്കൂർ വരെ. വിദേശ രാജ്യങ്ങളിലുള്ളവർക്കും വൊളന്റിയർ ആകാം-പക്ഷേ സ്വന്തം ചെലവിൽ വരികയും ഖത്തറിൽ എക്‌സ്‌പോ കഴിയുന്നതു വരെ താമസിക്കുകയും വേണം. വീസ, യാത്ര ടിക്കറ്റ്, താമസം എന്നിവ നൽകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല