1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2025

സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. കീഴ്ക്കോടതികളിലെ കേസുകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇത് തള്ളിയതോടെ രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക.

നേരത്തെ, ഇന്ത്യക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരേയാണ് യു.എസ്. സുപ്രീംകോടതിയില്‍ തഹാവുര്‍ റാണ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാനുള്ള റാണയുടെ അവസാന നിയമാവസരമായിരുന്നു ഈ ഹര്‍ജി.

തഹാവുര്‍ റാണയെ കൈമാറണമെന്ന് വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരേ റാണ കീഴ്ക്കോടതികളില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. എന്നാല്‍, റാണയുടെ റിട്ട് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് യു.എസ്. സര്‍ക്കാര്‍തന്നെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കു കൈമാറുന്നതില്‍നിന്ന് ഇളവ് ലഭിക്കാന്‍ റാണയ്ക്ക് അര്‍ഹതയില്ലെന്നാണ് യു.എസ്. സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്.

2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുര്‍ ഹുസൈന്‍ റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011-ല്‍ യു.എസ്. കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.