1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2018

സ്വന്തം ലേഖകന്‍: ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു ‘തകര്‍ത്തു’; ബംഗളുരുവില്‍ ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; സെറ്റ് അടിച്ചു തകര്‍ത്തു. ആസിഫ് അലി നായകനാകുന്ന ‘ബിടെക്’ സിനിമയുടെ ബംഗളുരുവിലെ ലൊക്കേഷനിലാണ് സംഘര്‍ഷം നടന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കിലാണ് സംഭവം. ആസിഫ് അലി, അപര്‍ണ ബാലമുരളി, അജു വര്‍ഗ്ഗീസ്, സൈജുകുറുപ്പ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളാണ് സംഭവസമയം ലൊക്കേഷനിലുണ്ടായിരുന്നത്. കോളെജ് വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാര്‍ജ്ജ് ചിത്രീകരിക്കവെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തകര്‍ത്തഭിനയിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. മുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ബംഗളുരുവില്‍ നിന്നുതന്നെയുള്ളവരായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.

ലാത്തിച്ചാര്‍ജ്ജിനായി നല്‍കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ തല്ലിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോള്‍ ആസിഫിനും സൈജുകുറുപ്പിനും അപര്‍ണയ്ക്കുമൊക്കെ തല്ല് കിട്ടി. അഭിനയം കാര്യമായതോടെ തല്ല് കിട്ടിയ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു. കര്‍ണാടകക്കാരായ അഭിനേതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

ലാത്തിച്ചാര്‍ജ്ജില്‍ ശരിക്കും സംഘര്‍ഷം ഉടലെടുത്തതോടെ സംവിധായകന്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. കന്നട ആര്‍ട്ടിസ്റ്റുകള്‍ ആയതിനാല്‍ താന്‍ സിനിമക്കു വേണ്ടി മാപ്പ് പറയാന്‍ വരെ തയ്യാറായെന്ന് സംവിധായകന്‍ പറഞ്ഞു. 400 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മുന്‍പാകെ മാപ്പു പറഞ്ഞു താന്‍ കാരവാനിലേക്ക് പോയി. പക്ഷേ മാപ്പു പറഞ്ഞിട്ടും കര്‍ണ്ണാടക സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സെറ്റില്‍ ആക്രമണം നടത്തുകയായിരുന്നു. കരോവനും രണ്ടു ടെമ്പോ ട്രാവലര്‍ ഉള്‍പ്പെടെ കല്ലെറിഞ്ഞു തകര്‍ത്തതായും സംവിധായകന്‍ മൃദുല്‍ നായര്‍ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.