ജോബി ആന്റണി
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബ്ബായ എഫ് സി കേരളയുടെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ക്ക് കൊടിയിറങ്ങി. പത്ത് ടീമുകള്‍ പങ്കെടുത്ത സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും വടംവലി മത്സരവും വിയന്നയിലെ മലയാളി കായിക പ്രമികള്‍ക്ക് ആവേശമായി.
മുപ്പതു വയസിനു മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കുമായി വെവ്വേറെ മത്സരങ്ങളാണ് നടന്നത്. വാശിയേറിയ സീനിയര്‍ ഫുട്ബോള്‍ മത്സര വിഭാഗത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ് (ഐ എസ് സി) വിയന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഷെല്ലി നേതൃത്വം നല്‍കിയ നൈറ്റ്റൈഡേഴ്സും നേടി. ഫുട്ബോള്‍ ജൂണിയര്‍ വിഭാഗത്തില്‍ കേരള യുണൈറ്റെഡ് ബി ഒന്നാം സ്ഥാനവും ഐ എ എസ് സി XI, കേരള യുണൈറ്റെഡ് എ എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ വടംവലി മത്സരത്തില്‍ ഫൈന്‍ ആര്‍ട്സ് ഇന്ത്യ ഒന്നാമതെത്തി. ജി എം സി വിയന്നയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
എഫ് സി കേരള വിയന്നയുടെ പ്രസിഡന്റ് റാഫി ഇല്ലിക്കല്‍ ഉത്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എഫ് സി കേരളയുടെ മുന്‍കാല പ്രസിഡന്റുമാരായിരുന്ന ജോര്‍ജ്ജ് പടിക്കകുടി, മാത്യു കുരിഞ്ഞിമല എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. റ്റെജോ കിഴക്കെകര, മാത്യു ചെരിയന്‍കാലായില്‍ , സോബര്‍ മേലേടത്ത്, ഫെബിന്‍ തട്ടില്‍ തുടങ്ങിയവര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബാബു മുക്കാട്ടുകുന്നേല്‍ , പാപ്പച്ചന്‍ പുന്നയ്ക്കല്‍ , ഘോഷ് അഞ്ചേരില്‍ എന്നിവര്‍ വടം വലി മത്സരത്തിന് വിധികര്‍ത്താക്കളായി.
മാതാ സൂപ്പര്‍മാര്‍ക്കറ്റും ഇന്ത്യ ഗേറ്റ് റെസ്റ്റോറന്റും സംയുക്തമായി ടൂര്‍ണമെന്റ് സ്പോണ്‍സര്‍ ചെയ്തു. വിജയികള്‍ക്ക് മാതാ സൂപ്പര്‍മാര്‍ക്കറ്റിനുവേണ്ടി ബാബു കുടിയിരിക്കലും ഇന്ത്യ ഗേറ്റ് റെസ്റ്റോറന്റിനുവെണ്ടി ഡെന്നി കുന്നത്തൂരാനും ട്രോഫികള്‍ വിതരണം ചെയ്തു. വിയന്നയിലെ നിരവധി മലയാളികള്‍ മത്സരങ്ങള്‍ കാണാന്‍ ഹെല്ലസ് കഗ്രാന്‍ പ്ലാറ്റ്സില്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല