സ്വന്തം ലേഖകന്‍: പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്മര് സൈനിക മേധാവിയെ വിലക്കി ഫെയ്സ്ബുക്ക്. സൈനിക മേധാവിയെയും വ്യക്തികളും സംഘടനകളുമായി 19 പേരെയും വിലക്കിയിട്ടുണ്ട്. രോഹിന്ഗ്യന് മുസ്ലിംകളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിക്രമങ്ങള്‍ക്കു കാരണമാകുന്ന തരത്തില്‍ വിദ്വേഷജനകമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നാണു കണ്ടെത്തല്‍.
രാജ്യത്ത് വംശീയ, മത സംഘര്‍ഷങ്ങള്‍ക്കു കാരണങ്ങളിലൊന്നു ഫെയ്സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷജനകമായ പോസ്റ്റുകളാണെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്നു രാഖൈനില്‍നിന്ന് ഏഴു ലക്ഷത്തോളം രോഹിന്‍ഗ്യകളാണു നാടുവിട്ടത്. സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച സന്ദേശങ്ങളായിരുന്നു.
സ്വതന്ത്ര അഭിപ്രായങ്ങളും വാര്‍ത്തകളും നല്‍കുന്നെന്ന വ്യാജേന മ്യാന്മര് സൈന്യത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പേജുകളും അക്കൗണ്ടുകളും വിലക്കുമെന്നും ഫെയ്സ്ബുക് തിങ്കളാഴ്ച അറിയിച്ചു. നിലവില്‍ 18 ഫെയ്സ്ബുക് അക്കൗണ്ടുകളും ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും 52 ഫെയ്സ്ബുക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക് വിലക്കിയ സൈന്യത്തിലെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും രണ്ട് സൈനിക യൂണിറ്റുകളെയും യുഎസ് ഭരണകൂടം ഈ മാസമാദ്യം മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മാത്രമല്ല, മ്യാന്മര് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള വീസ അപേക്ഷകള്‍, ആയുധ ഇടപാടുകള്‍ തുടങ്ങിയവയ്ക്കു കര്‍ശന നിയന്ത്രണങ്ങളും യുഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല