സ്വന്തം ലേഖകന്‍: അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളും താത്പര്യങ്ങളും വന്‍കിട കമ്പനികളുമായി പങ്കിടുന്നു; ഫെയ്‌സ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്. കേംബ്രിജ് അനലിറ്റിക്ക വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ ഫെയ്‌സ്ബുക്കിന് കനത്ത ആഘാതമായിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ അറുപതോളം കമ്പനികളുമായി ഫെയ്‌സ്ബുക് പങ്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈയിടെ യുഎസ് പാര്‍ലമെന്റ് സമിതിക്കു മുന്‍പാകെ ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയ സത്യവാങ്മൂലത്തിനു കടകവിരുദ്ധമാണ് ഇതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷം, വ്യക്തി വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറില്ലെന്നു സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പല കമ്പനികളും ഇപ്പോഴും ഫെയ്‌സ്ബുക് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ആരോപണം ശക്തമായി നിഷേധിച്ച് ഫെയ്‌സ്ബുക്ക് രംഗത്തെത്തി. കമ്പനികള്‍ക്കു മെച്ചപ്പെട്ട ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുന്ന ‘ഡിവൈസ് ഇന്റഗ്രേറ്റഡ് എപിഐ’ എന്ന തങ്ങളുടെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തെ പത്രം തെറ്റിദ്ധരിച്ചതാണെന്നാണു കമ്പനിയുടെ വാദം. കേംബ്രിജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഉലഞ്ഞു നില്ക്കുന്ന ഫെയ്‌സ്ബുക്കിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല