സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മലയാളികള്‍ക്ക് നഷ്ടമായത് 40 കോടി രൂപ. ഒന്നരലക്ഷത്തോളം
മലയാളികളാണ് ഫേസ്ബുക്കിന്റെ തൊഴില്‍ദാന പദ്ധതിയെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തിയ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് 40 കോടി രൂപ നഷ്ടമായി. ഒരോരുത്തര്‍ക്കും 2700 രൂപ വീതം നഷ്ടമായതായാണ് സൂചന.
വീട്ടിലിരുന്നു ജോലിചെയ്തു ദിവസം 6530 മുതല്‍ 15792 രൂപവരെ സമ്പാദിക്കാമെന്ന മോഹന വാഗ്ദാനവുമായാണ് തട്ടിപ്പുകാര്‍ എത്തിയത്. ഫേസ്ബുക്കിന്റെ ലോഗോയും നീലനിറത്തിലുള്ള കളര്‍സ്‌കീമും കണ്ടാണു ഫേസ്ബുക്ക് നേരിട്ടു നടപ്പാക്കുന്ന തൊഴില്‍ദാന പദ്ധതിയെന്ന് എല്ലാവരും തെറ്റിദ്ധരിച്ചത്.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ചിത്രവും ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപത്രങ്ങളുടെ ലോഗോയും പദ്ധതിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവര്‍ ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് തട്ടിപ്പിന്റെ വിവരം പുറത്താകുന്നത്.
ഫേസ്ബുക്ക് അധികൃതര്‍ക്കും തട്ടിപ്പിന്റെ വിവരം കൈമാറിയിട്ടുണ്ട്. പദ്ധതിയില്‍ അംഗമാവാനുള്ള ഫേസ്ബുക്ക് മില്യനയര്‍ കിറ്റ് കുറിയറില്‍ ലഭിക്കാനായി ക്രെഡിറ്റ് കാര്‍ഡ് വഴി തട്ടിപ്പുകാരുടെ അമേരിക്കന്‍ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയ 2700 രൂപയാണ് വെള്ളത്തിലായത്. ഇവര്‍ കൈമാറിയ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാകുന്നു എന്നായിരുന്നു തട്ടിപ്പുകാരുടെ പരസ്യം. വെബ്‌സൈറ്റില്‍ കയറിയാല്‍ ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കാനായി ഓരോ ഇടപാടിനും അഞ്ചു മിനിറ്റ് വീതമുള്ള കൗണ്ട്ഡൗണ്‍ സംവിധാനം പ്രത്യക്ഷപ്പെടും. അഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ വെബ്‌പേജ് തനിയെ അപ്രത്യക്ഷമാവും. അതിനു മുന്‍പു പണം കൈമാറിയാല്‍ 2700 രൂപ വിലമതിക്കുന്ന ഫെയ്‌സ്ബുക്ക് മില്യണയര്‍ കിറ്റ് തപാലില്‍ വീട്ടിലെത്തും.
പണം നല്‍കിയ എല്ലാവരും കിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നെങ്കിലും കിറ്റിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്തയാണ്. ഒരുപാടു പേരില്‍ നിന്ന് ചെറിയ തുകകള്‍ വാങ്ങി തട്ടിപ്പു നടത്തികയെന്ന തന്ത്രമാണു സംഘത്തിന്റേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല