സ്വന്തം ലേഖകൻ: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്‌സ്, മെസഞ്ചര്‍, വാട്‌സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തി.
ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.
ചൊവ്വാഴ്ച രാത്രിയിലാണ് മെറ്റയുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഒരു മണിക്കൂറിലധികം നേരം സേവനങ്ങള്‍ പണിമുടക്കി. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് പ്രശ്‌നം നേരിട്ടുതുടങ്ങിയത്. ഇതിന് കാരണമായത് എന്താണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കിയതിനെ പരിഹസിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. മെറ്റയെ പരിഹസിച്ചുകൊണ്ടുള്ള എക്സ് (ട്വിറ്റർ) ഉടമകൂടിയായ മസ്കിന്റെ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു.
നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ അതിനുകാരണം ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നായിരുന്നു എക്സിലെ ഒരു പോസ്റ്റ്. പ്രശ്നം പരിഹരിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന മെറ്റ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എന്റി സ്റ്റോണിന്റെ പോസ്റ്റും തമാശരൂപേണ മസ്ക് പങ്കിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല