സ്വന്തം ലേഖകൻ: സ്ത്രീകളുടെ സ്തനങ്ങള്‍ പൂര്‍ണമായി കാണിക്കുന്നതിന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് താമസിയാതെ നീക്കം ചെയ്തേക്കും. മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്ത്രീകളുടെ സ്തനാഗ്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിച്ചു.
സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍,ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളെ ഈ വിലക്ക് അവഗണിക്കുന്നുവെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. പണ്ഡിതന്മാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ഉപദേശക സംഘമാണ് മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ്.
‘ഫ്രീ ദി നിപ്പിള്‍’ എന്ന പേരില്‍ ആഗോള തലത്തില്‍ തന്നെ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളും പ്രതിഷേധ പ്രകടനങ്ങളും ഫെയ്‌സ്ബുക്കിലെ ഈ വിവേചനത്തിനെതിരെ നടന്നിരുന്നു. സ്ത്രീകള്‍ തങ്ങളുടെ നഗ്നമായ മാറിടം കാണിക്കുമ്പോള്‍ മാത്രമല്ല ഈ വിലക്ക് ബാധകമായിരുന്നത്. ഒരു ചിത്രകാരന്‍ വരച്ച ചിത്രത്തില്‍ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കില്‍ ആ ചിത്രം നീക്കം ചെയ്യപ്പെടും. ആരോഗ്യ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കോ വാര്‍ത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതോ ആയ ഉള്ളടക്കങ്ങളില്‍ പോലും ഫെയ്‌സ്ബുക്ക് സ്തനാഗ്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല.
വിദ്വേഷ പ്രസംഗം നിര്‍ബാധം പ്രചരിക്കുമ്പോഴും ഫെയ്‌സ്ബുക്ക് സ്ത്രീകളുടെ സ്തനാഗ്രം നീക്കം ചെയ്യുന്നുവെന്ന വിമര്‍ശനം ഫെയ്‌സ്ബുക്കിനെതിരെ ഉയരുകയും ചെയ്തു. വിദ്വേഷ പ്രസംഗം കണ്ടെത്തുന്നതിനേക്കാള്‍ നിപ്പിള്‍ കണ്ടുപിടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നിര്‍മിക്കുന്നതാണ് എളുപ്പം എന്നായിരുന്നു ഇതിന് കമ്പനി മേധാവി സക്കര്‍ബര്‍ഗിന്റെ മറുപടി.
പ്രതിഷേധങ്ങളെ തുടര്‍ന്ന് മുലയൂട്ടുന്ന ചിത്രം, പ്രസവം, ജനന ശേഷമുള്ള നിമിഷങ്ങള്‍, ആരോഗ്യ സാഹചര്യങ്ങള്‍ എന്നിയ്ക്ക് ഫെയ്‌സ്ബുക്ക് ഇളവ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല