സ്വന്തം ലേഖകന്‍: ഛത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി മാറിടങ്ങളില്‍ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. റായ്പൂര്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷാ ഡോങ്‌ഗ്രെയെയാണ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ജയിലുകളില്‍ ചെറിയ വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി അവരുടെ ശരീരഭാഗങ്ങളില്‍ ഷോക്കേല്‍പിക്കുന്ന കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വര്‍ഷ വെളിപ്പെടുത്തിയത്.
എന്നാല്‍ വൈറലായതോടെ ഭീഷണികളെത്തുടര്‍ന്ന് പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഛത്തീസ്ഗഡ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വര്‍ഷയ്‌ക്കെതിരെ നടപടി എടുക്കാന്‍ കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
‘പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുത് ഞാന്‍ കണ്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ 14 മുതല്‍ 16വരെ പ്രായമുള്ള പെണ്‍കുട്ടികളെ നഗ്‌നരാക്കി കൈകളിലും മുലകളിലും ഇലക്ട്രിക് ഷോക്ക് നല്‍കാറുണ്ട്. അതിന്റെ അടയാളങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.’
‘ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ മൂന്നാംമുറ പ്രയോഗിക്കുന്നത് അവര്‍ക്ക് ചികിത്സ നല്‍കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ്തറിലെ യുദ്ധത്തില്‍ ഇരുഭാഗത്തും മരിച്ചുവീഴുന്നത് നമ്മുടെ ആളുകള്‍ തന്നെയാണ്. ബസ്തറില്‍ മുതലാളിത്ത വ്യവസ്ഥ അടിച്ചേല്‍പിക്കുകയാണ്, ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്ന് പുറത്താക്കുകയാണ്. അവരുടെ വീടുകള്‍ കത്തിക്കുകയാണ്, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് ഭൂമിയും വനവും പിടിച്ചെടുക്കാനാണ് ഇതെല്ലാം. നക്‌സലിസം അവസാനിപ്പിക്കാനല്ല. ‘
‘ആദിവാസികള്‍ക്ക് അവരുടെ ഭൂമി വിട്ടുപോകാന്‍ കഴിയില്ല, എന്നാല്‍ നിയമം നടപ്പിലാക്കുന്നവര്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലക്ഷ്യമിടുന്നു, വ്യാജകേസുകള്‍ ചുമത്തി ജയിലിലിടുന്നു. ഇവര്‍ നീതി തേടി എങ്ങോട്ടാണ് പോകേണ്ടത്? സിബിഐ റിപ്പോര്‍ട്ടും കോടതിയും ഇതുതന്നെയാണ് പറയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ഇക്കാര്യം തുറന്നുപറയുമ്പോള്‍ അവരെ ജയിലിലടയ്ക്കുന്നു.’
‘ആദിവാസി മേഖലകളില്‍ എല്ലാം ശരിയായി നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗവണ്മെന്റ് അങ്ങോട്ട് ആരെയും പോകാന്‍ സമ്മതിക്കാത്തത്? ആദിവാസികള്‍ക്കുമേല്‍ ഒരു പ്രത്യേകതരം വികസനം അടിച്ചേല്‍പിക്കാന്‍ കഴിയില്ല. കര്‍ഷകരും ജവാന്മാരും സഹോദരന്മാരാണ്. അവര്‍ അന്യോന്യം കൊല്ലരുത്,’ എന്നായിരുന്നു വര്‍ഷയുടെ പോസ്റ്റ്. പ്രാഥമികാന്വേഷണത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വര്‍ഷ സര്‍വീസ് നിയമങ്ങളും മറ്റുപല നിയമങ്ങളും ലംഘിച്ചതായി വ്യക്തമായതിനാലാണ് നടപടിയെന്നാണ് ഡിജിപി ഗിരിധരി നായകിന്റെ ന്യായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല