സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലും വാട്‌സാപ്പിലും മലയാളി പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാകുന്നതായി പരാതി. വിദേശ ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ അടക്കം മലയാളി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റും അശ്ലീല ചിത്രങ്ങളായും പോസ്റ്റുകളായും മാറ്റി പ്രചരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഫേസ് ബുക്കിലേയും വാട്‌സാപ്പിലേയും പ്രൊഫൈല്‍ ഫോട്ടോകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൂടുതല്‍ തെളിവുകളിലേക്ക് വെളിച്ചം വീശിയത്.
ഫ്‌ലിംഗ് എന്ന അശ്ലീല ഡേറ്റിംഗ് വെബ്‌സൈറ്റിലാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാനും സമയം ചെലവിടാനും അവസര നല്‍കാമെന്നാണ് വെബ്‌സൈറ്റിന്റെ വാഗ്ദാനം. സുഹൃത്തുക്കള്‍ ചിത്രം കണ്ട് പെണ്‍കുട്ടിയെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി കോഴിക്കോട്ടെ സൈബര്‍ സെല്ലിന് പരാതി നല്‍കി. ഫോട്ടോ പോസ്റ്റ് ചെയ്തത് ആരാണെന്ന് ആരാഞ്ഞ് വെബ്‌സൈറ്റ് ഉടമകള്‍ക്കു പൊലീസ് ഇമെയില്‍ അയച്ചെങ്കിലും മറുപടി വന്നില്ല. മാത്രമല്ല, ഇമെയില്‍ അയച്ച ദിവസംതന്നെ പരാതിക്കാരിയുടെ ഫോട്ടോ സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ഫ്‌ലിംഗില്‍ കയറി വിശദമായി പരിശോധിച്ച സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ കണ്ടത് ഒട്ടേറെ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍. ഇത്തരം സൈറ്റുകളുടെ പ്രവര്‍ത്തനം പലപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്നായതിനാല്‍ പോലീസ് അന്വേഷണം പാതിവഴിയില്‍ മുടങ്ങുന്നതാണ് പതിവ്.
ദുരുപയോഗം ഒഴിവാക്കാന്‍ ഫോട്ടോകള്‍ പബ്ലിക് ആക്കരുതെന്നാണ് സൈബര്‍ സെല്ലിന്റെ ഉപദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല