സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ നിന്ന് പിന്‍വാങ്ങും എന്നതുള്‍പ്പെടെയുള്ള ഫെയ്സ്ബുക്കിന്റെ ഭീഷണികള്‍ നടക്കാതെ വന്നതോടെ റൂപര്‍ട്ട് മര്‍ഡോക്കിന് മുന്നില്‍ മുട്ടുകുത്തി ഫെയ്സ്ബുക്ക്. വാര്‍ത്തകള്‍ക്ക് ഓസ്‌ട്രേലിയന്‍ മാധ്യമ സ്ഥാപനമായ ന്യൂസ്‌കോര്‍പ്പിന് പണം നല്‍കാമെന്ന ധാരണയില്‍ ഇരു കമ്പനികളും എത്തിച്ചേര്‍ന്നു.
ഫെയ്സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് മര്‍ഡോക്കുമായി കരാറിലെത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ന്യൂസ് കോര്‍പ്പും കരാറില്‍ എത്തിച്ചേര്‍ന്നത്. കരാറിന്റെ മൂല്യം വെളിപ്പെടുത്താന്‍ മര്‍ഡോക്ക് തയ്യാറായിട്ടില്ല.
ഓസ്‌ട്രേലിയയിലെ 70 ശതമാനത്തോളം മാധ്യമ സ്ഥാപനങ്ങള്‍ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലാണ്. ദ ഓസ്‌ട്രേലിയന്‍, ഡെയിലി ടെലഗ്രാഫ്, ഹെറാള്‍ഡ് സണ്‍ തുടങ്ങിയവയും ന്യസ്‌കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഫോക്‌സ് ന്യൂസും മര്‍ഡോക്കിന്റെ ന്യുസ്‌കോര്‍പ്പാണ് നിയന്ത്രിക്കുന്നത്. ന്യൂസ്‌കോര്‍പ്പിന്റെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ ഫെയ്സ്ബുക്ക് പണം നല്‍കുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലും പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ ന്യൂസ്‌കോഡിനെ എതിര്‍ത്ത ഗൂഗിള്‍ ന്യൂസ് കോര്‍പ്പുമായി കരാറിലെത്തിയിരുന്നു. നേരത്തെ പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്ക് തങ്ങളുടെ ഫീഡിലൂടെ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ യൂസേഴ്സിന്റെ വാളില്‍ ന്യൂസ് കണ്ടന്റുകള്‍ പുനഃസ്ഥാപിക്കാന്‍ ഫെയ്സ്ബുക്ക് തയ്യാറാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് ന്യൂസ് കോര്‍പ്പുമായി കരാറിലെത്തിയത്.
അതേസമയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് മാധ്യമ മേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ മര്‍ഡോക്കിന്റെ സമ്മര്‍ദ്ദം മൂലമാണ് പുതിയ നിയമം സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ ധൃതിപ്പെട്ട് പാസാക്കിയതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം പ്രസ്തുത നിയമം മറ്റു രാജ്യങ്ങളിലും പ്രാബല്യത്തില്‍ വരുമോ എന്ന ആശങ്കയിലാണ് ഫെയ്സ്ബുക്ക്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിയമം പാസാക്കിയതിന് പിന്നാലെ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുക്ക് പണം നല്‍കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല