സ്വന്തം ലേഖകൻ: ലോകവ്യാപകമായി ഫേസ്ബുക്കും അതിന്റെ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപും ഇന്‍സ്റ്റാഗ്രാമും നിശ്ചലമായതിന്റെ കാരണം തിരക്കിയും പരിഹസിച്ചും സമൂഹമാധ്യമങ്ങള്‍ വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. എന്നാല്‍ ചില്ലറ നഷ്ടമല്ല സക്കര്‍ബര്‍ഗറിന് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏഴു ബില്യണ്‍ ഡോളറാണ് നഷ്ടമുണ്ടായിരിക്കുന്നത് ഏകദേശം 52,000 കോടി രൂപയോളം വരും.
സേവനങ്ങള്‍ തടസമുണ്ടായതിന് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. തടസമുണ്ടായതില്‍ ഖേദിക്കുന്നെന്നും പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്ന കാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു ലോകവ്യാപകമായി ഫേസ്ബുക്കും അതിന്റെ പ്ലാറ്റ്‌ഫോമുകളും നിശ്ചലമായത്. ആറു മണിക്കൂറ് വേണ്ടിവന്നു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍. വാട്‌സ്ആപ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി ട്വീറ്ററിലൂടെ കമ്പനി സ്ഥിരീകരിച്ചിരുന്നു.
ഏതായാലും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളുടെ പണിമുടക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓഹരി മൂല്യം 5.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോടെ സുക്കറിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി. ബ്ലൂംബെര്‍ഗ് ബില്യണയേര്‍സ് ഇന്റക്‌സില്‍, അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്‌സിന് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് സുക്കര്‍ബര്‍ഗ് വീണു. ആഴ്ചകള്‍ക്കിടയില്‍ നഷ്ടമായത് 20 ബില്യണ്‍ ഡോളറോളമാണ്.
ഫേസ്ബുക്കും ഇന്‍സ്റ്റയും വാട്‌സ്ആപും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതോടെ ട്രോളന്മാര്‍ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു. സ്വയം പഴിച്ചും ഫേസ്ബുക്ക് ഇനി തിരിച്ചുവരുമോ എന്ന ആശങ്കയും പങ്കുവെച്ച് ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല