സ്വന്തം ലേഖകന്‍: വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ തന്ത്രങ്ങളുമായി ഫേസ്ബുക്ക്. വ്യാജമായി പടച്ചുവിടുന്ന വാര്‍ത്തകളുടെ പ്രചാരണം തടയാന്‍ ഏഴിന നടപടി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പേജിലൂടെ പ്രഖ്യാപിച്ചു. വ്യാജവാര്‍ത്തകള്‍ പ്രത്യേകം അടയാളപ്പെടുത്താന്‍ സംവിധാനം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സുഗമമാക്കുക, വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച മൂന്നാം കക്ഷിയുടെ അഭിപ്രായം വാര്‍ത്തക്കൊപ്പം ചേര്‍ക്കാനുള്ള അവസരം തുടങ്ങിയവയാണ് പുതുതായി അവതരിപ്പിക്കുന്നത്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിന് പ്രധാനകാരണം ഫേസ്ബുക്കിലെ വ്യാജവാര്‍ത്ത പ്രചാരണമാണെന്ന് ന്യൂയോര്‍ക് ടൈംസിലെയും വാഷിങ്ടണ്‍ പോസ്റ്റിലെയും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു എഫ്.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്‌ളിന്റണ്‍ ശ്രമിച്ചുവെന്ന വ്യാജ വാര്‍ത്ത 5,60,000 പേരാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
വാര്‍ത്തകളുടെ നിജസ്ഥിതി നോക്കാതെ നിമിഷ നേരം കൊണ്ട് വൈറലാകുന്ന ഈ പ്രതിഭാസം ലോകത്ത് മിക്ക രാജ്യങ്ങളിലും സംഭവിക്കുന്നതായും ഫേസ്ബുക്ക് വിലയിരുത്തുന്നു. പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും ഗതിമാറ്റി വിടാനും ഈ വൈറല്‍ വ്യാജ വാര്‍ത്തകള്‍ക്കു കഴിയുന്നതായി നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം വാര്‍ത്തകളുടെ വൈറല്‍ വ്യാപനം തടയാന്‍ ഫേസ്ബുക്ക് മുന്നിട്ടിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല