1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2016

സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന്റെ ഉപഗ്രഹവുമായി പറക്കാനിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു, തകര്‍ന്നത് സുക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി. കോടീശ്വരനായ ഈലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ റോക്കറ്റാണ് തകര്‍ന്നത്. സ്‌ഫോടനത്തില്‍ ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ ബര്‍ഗിന്റെ ഉപഗ്രഹവും നഷ്ടമായി.

റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. 1959നു ശേഷം ഇതാദ്യമാണു കേപ്കനാവറിലെ വിക്ഷേപണത്തറയില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുന്നത്. ആഫ്രിക്കയിലും മറ്റും ഫേസ്ബുക്ക് സേവനം വ്യാപിപ്പിക്കാനുള്ള ആമോസ്6 എന്ന ഉപഗ്രഹമാണ് സുക്കര്‍ബര്‍ഗ് ഈ റോക്കറ്റില്‍ വിക്ഷേപിക്കാനിരുന്നത്. റോക്കറ്റിനൊപ്പം നഷ്ടമായ ഉപഗ്രഹത്തിന് 20 കോടി ഡോളര്‍ (1340 കോടി രൂപ) ചെലവുണ്ട്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസായ്ക്കുവേണ്ടി അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് ആള്‍ക്കാരെയും സാധനങ്ങളും എത്തിക്കുന്നതിന്റെ ചുമതല സ്‌പേസ് എക്‌സിനുണ്ട്. നാസയുടെ സഹകരണത്തോടെ നിര്‍മിച്ച ഫാല്‍കണ്‍ 9 റോക്കറ്റിനു സംഭവിച്ച പുതിയ ദുരന്തം ആ കരാറിന്റെ ഭാവിയും അനിശ്ചിതത്വത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഐഎസ്എസിലേക്കു ചരക്കുകളുമായി പുറപ്പെട്ട ഫാല്‍കണ്‍ റോക്കറ്റ് ഏതാനും സെക്കന്‍ഡുകള്‍ക്കകം പൊട്ടിത്തെറിച്ചു തകരുകയുണ്ടായി.

അപകടത്തിനു ശേഷം മസ്‌കിന്റെ കമ്പനികളുടെ കമ്പോളമൂല്യത്തില്‍ 100 കോടി ഡോളറിന്റെ ഇടിവുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ച ഇന്റര്‍നെറ്റ് ഒആര്‍ജി എന്ന ആശയം ആഫ്രിക്കയില്‍ അവതരിപ്പിക്കാനായിരുന്നു സുക്കര്‍ബര്‍ഗിന്റെ പദ്ധതി. സ്‌ഫോടനത്തോടെ അതും അനിശ്ചിതത്വത്തിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.