1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2017

 

സ്വന്തം ലേഖകന്‍: ‘മഹേഷിന്റെ പ്രതികാരത്തില്‍ വിനായകനായിരുന്നെങ്കില്‍ മറ്റൊരു സ്വഭാവവും സംസ്‌കാരവുമെല്ലാമുള്ള നല്ലൊരു ചിത്രമാകുമായിരുന്നു, എന്നാല്‍ പത്തു ഫഹദ് ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ വിനായകനാകില്ല,’ മനസു തുറന്ന് ഫഹദ് ഫാസില്‍. ‘മഹേഷിന്റെ പ്രതികാരം’ സംസ്ഥാന പുരസ്‌കാരത്തിനായി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ഫഹദ് ഫാസില്‍ എന്നാല്‍ താന്‍ മുന്‍ഗണന നല്‍കുന്നത് പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചോ എന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

മഹേഷിന്റെ പ്രതികാരത്തില്‍ വിനായകനാണ് അഭിനയിച്ചിരുന്നത് എങ്കിലും ചിത്രം നന്നാകുമായിരുന്നു എന്നും ഫഹദ് പറഞ്ഞു. ‘വിനായകനാണ് മഹേഷിനെ അവതരിപ്പിച്ചിരുന്നത് എങ്കില്‍ മറ്റൊരു സ്വഭാവവും സംസ്‌കാരവുമെല്ലാമുള്ള നല്ലൊരു ചിത്രമാകുമായിരുന്നു അത്. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ ചെയ്താലും കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത പോലെ ചെയ്യാനാകില്ല,’ ഫഹദ് പറഞ്ഞു.

പുരസ്‌കാരം തന്റെ പിതാവ് ഫാസില്‍ പ്രതീക്ഷിച്ചിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ല. 2016ലെ ചിത്രങ്ങളില്‍ അദ്ദേഹത്തിന് ഇഷ്ടം മഹേഷിന്റെ പ്രതികാരമാണ്. ആ ചിത്രം കഴിഞ്ഞ് ഒരു വര്‍ഷത്തെ ഇടവേളയെടുത്തത് സ്വകാര്യ ജീവിതത്തില്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ്; സെലക്ടീവ് ആകാന്‍ വേണ്ടിയല്ലെന്നും ഫഹദ് പറഞ്ഞു. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ വിനായകനെ മികച്ച നടനായി തെരഞ്ഞടുത്തിരുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച മഹേഷിന്റെ പ്രതികാരത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരവും ലഭിച്ചിരുന്നു.

കയ്യെത്തും ദൂരത്തില്‍ അഭിനയിക്കുമ്പോള്‍ 1819 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. പിന്നെ 10 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് തിരിച്ചെത്തിയത്. രണ്ടാം വരവില്‍ അഭിനയം മെച്ചപ്പെട്ടെങ്കില്‍ അത് ഒറ്റയ്ക്കുള്ള യാത്രയുടേയും അനുഭവങ്ങളുടേയും ഫലമായിരിക്കും. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് പലപ്പോഴും ഓവര്‍ ആക്ടിംഗ് ആണെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ പല തിരുത്തലുകളും ചിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും താന്‍ സംവിധായകനെ ആശ്രയിക്കുന്നയാളാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.