സ്വന്തം ലേഖകൻ: വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’ ആരംഭിക്കാനൊരുങ്ങി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ വെള്ളിയാഴ്ച അദ്ദേഹം ഒപ്പുവെച്ചു. ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും ‘ഫെയ്ത്ത് ഓഫീസ്’ പ്രവര്‍ത്തിക്കുക. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവെന്ന് അറിയപ്പെടുന്ന ടെലി ഇവാഞ്ചലിസ്റ്റ്- പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് വിവരം.
അമേരിക്കയില്‍ ‘ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍’ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്, പുതിയ അറ്റോര്‍ണി ജനറലായ പാം ബോണ്ടയ്ക്കു കീഴില്‍ ഒരു ദൗത്യസംഘത്തിനും കഴിഞ്ഞദിവസം ട്രംപ് രൂപം നല്‍കിയിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ വീണ്ടുമെത്തിയ ട്രംപ്, കൂടുതല്‍ യാഥാസ്ഥിതികവും മതപരവുമായ നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞകൊല്ലം പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിന് നേര്‍ക്ക് വധശ്രമം നടന്നിരുന്നു. അക്രമി അദ്ദേഹത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആ സംഭവത്തിന് പിന്നാലെ താന്‍ കൂടുതല്‍ ഈശ്വരവിശ്വാസിയായി മാറിയെന്ന് ട്രംപ് പറഞ്ഞു.
അത് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ വരുത്തി. ഞാന്‍ ഈശ്വരനില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് കൂടുതല്‍ ശക്തമായിത്തീര്‍ന്നിരിക്കുന്നു എന്നായിരുന്നു കാപിറ്റോളില്‍ വ്യാഴാഴ്ചത്തെ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് വേളയില്‍ ട്രംപ് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല