വിശ്വാസനേത്രം തുറപ്പിക്കുന്ന ‘ദി ഫെയ്ത്ത്’ സൂപ്പര്‍ഹിറ്റ്
ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്
വിശുദ്ധി വളര്‍ത്തുന്ന വചന സംഗീത ധാരയാണ് ‘വിശ്വാസം’എന്ന മ്യൂസിക് ആല്‍ബം. പ്രവാസത്തിന്റെയും വിപ്രവാസത്തിന്റെയും വിഹ്വലതകള്‍ ഉള്ളിലൊതുക്കുമ്പോഴും നമ്മുടെയൊക്കെ ഉള്ളില്‍ കവിതയും സംഗീതവുമുണ്ടെന്ന സാക്ഷ്യമാണ് വിശ്വാസം. ഇതിലെ ഗാനങ്ങള്‍ എല്ലാം കുറിച്ചിരിക്കുന്നത് പ്രവാസികളും സാധാരണക്കാരുമായ ഏതാനും പേര്‍; ഹൃദയത്തിനുള്ളില്‍ ഒരു ദേവാലയ മണിയുടെ സാന്ദ്രനാദം കാത്തുസൂക്ഷിക്കുന്നവര്‍.ഒരു പറ്റം പ്രവാസി മലയാളികളുടെ സംരംഭമായ ഫെയിത്ത് എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം സൂപ്പര്‍ ഹിറ്റാവുന്നു
നിരവധി ഭക്തിഗാന ആല്‍ബങ്ങളിലൂടെ പരിചിതമായ പേരാണ് റോയ് കാഞ്ഞിരത്താനത്തിന്റേത്. ‘വിശ്വാസനേത്രം തുറന്നൊന്നു നോക്കൂ’ എന്ന ടൈറ്റില്‍ സോംഗ് തന്നെ റോയിയുടെ കഴിവിനുള്ള ഏറ്റവും മികച്ച ഉദാഹരണം. മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ജേര്‍സന്‍ ആന്റണിയുടെതാണ് സംഗീതം. ആലാപനത്തിന്റെ ആര്‍ദ്രഭാവങ്ങളുമായി കെസ്റ്റര്‍ ഈ ഗാനത്തെ അനശ്വരമാക്കിയിരിക്കുന്നു..ഇതേഗാനം തന്നെ കൌമാരം പിന്നിടാത്ത അരുഷി ജെയ്മേന്‍ എന്ന കൊച്ചു ഗായികയും ആവര്‍ത്തിച്ചിരിക്കുന്നു. വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു ഗായികയുടെ പോലെ ഇരുത്തംവന്ന ആലാപന ശൈലിയാണ് ഈ കുട്ടിയുടേത്.
രണ്ടാമത്തെ ഗാനമായ ‘കണ്ടു ഞാന്‍’ എഴുതിയിരിക്കുന്നത് യുകെ മലയാളിയായ ജോഷി പുലിക്കൂട്ടില്‍; സംഗീത സംവിധാനം ജെര്‍സന്‍ ആന്റണിയുടെതും. ഭക്തിഗാന രചന തനിക്ക് നന്നേ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കവിതകളിലൂടെ യു കെ മലയാളികള്‍ക്ക് സുപരിചിതനായ ജോഷി . അനുഗ്രഹീത ഗായകനായ അനൂപിന്റെ അരങ്ങേറ്റം ഈ ഗാനത്തെ മായികമായൊരു അനുഭവമാക്കിയിരിക്കുന്നു. അനൂപിന്റെ ആലാപന ശൈലി അങ്ങേയറ്റം ഹൃദ്യമാണ്;
റോയ് കാഞ്ഞിരത്താനം എഴുതി എലിസബത്ത് രാജുവും യു കെ മലയാളികള്‍ക്കിടയിലെ അനുഗ്രഹീത ഗായകനായ റെക്സ് ജോസും ആലപിച്ച ‘കണ്മുന്‍പില്‍’ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ബിജു കൊച്ചുതള്ളിയില്‍ എന്ന പ്രവാസി. ഏറെ മനോഹരമായിരിക്കുന്നു ഈ ഗാനം.
റോയ് കാഞ്ഞിരത്താനം തന്നെയെഴുതിയ ‘അതിപൂജ്യമാകും’ എന്ന് തുടങ്ങുന്ന ഗാനം ഇനി ആള്‍ത്താരകളില്‍ മുഴങ്ങിക്കെള്‍ക്കും എന്നുറപ്പാണ്. അനുഗ്രഹീത ഗായകനായ വിത്സണ്‍ പിറവമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.സോണി ജോണി എന്ന ചെറുപ്പക്കാരന്റെതാണ് സംഗീതം. പരിചയ സമ്പന്നരായ സംഗീത സംവിധായകനെ ഈ ഗാനത്തില്‍ നമുക്ക് കാണാം.
‘കൃപ ചൊരിയൂ’ എന്ന ഗാനമെഴുതിയ ജോയ് അഗസതിയും പ്രവാസി മലയാളി തന്നെ. അനൂപിന്റെ ആര്‍ദ്രമായ സ്വരമാധുരി ജോയിയുടെ വരികള്‍ക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി നല്‍കുന്നു. ബിജു കൊച്ചതെള്ളിയിലിന്റെ സംഗീതം ഏറെ അഭിനന്ദനീയം.
റോയ് കാഞ്ഞിരത്താനം എഴുതി ജെര്‍സന്‍ ആന്റണി സംഗീതം നല്‍കിയ ‘ദാവീദിനെ പോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അഫ്സല്‍. പ്രവാസി മലയാളിയായ സ്റ്റീഫന്‍ കല്ലടയില്‍ രചിച്ച് പ്രദീപ് സംഗീതം നല്‍കിയ ‘എങ്ങനെ ഞാന്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിബി ജോസെഫും ദീപ സന്തോഷും.. ഹൃദയത്തില്‍ ഏറെ സന്തോഷം നല്‍കുന്നു ഈ ഗാനങ്ങള്‍.
പ്രവാസി പത്രപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലില്‍ എഴുതി ജെര്‍സന്‍ ആന്റണി സംഗീതം നിര്‍വഹിച്ച ‘ഗത് സമേന്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണന്‍. യേശുവിന്റെ ഗദ് സമീന്‍ അനുഭവം ഹൃദയത്തില്‍ സൃഷ്ടിക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ വരികള്‍, ഹൃദ്യമായ ആലാപനം.
യുവ പ്രതിഭകളായ ടിങ്കുവും നിഷയും ചേര്‍ന്ന് പാടിയ ഇംഗ്ലീഷ് ഗാനമാണ് ‘ദി റോക്ക് ‘. ടിങ്കുവിന്റെ രചന ചിട്ടപ്പെടുത്തിയതും ടിങ്കു തന്നെ. വിശ്വാസമെന്ന പാറയുടെ അത്ഭുത ശക്തിയാണ് ഈ ഗാനം.
കനേഷ്യസ് അത്തിപ്പോഴി എഴുതിയ ‘രക്തക്കണ്ണീര്‍; ഒരു മാതൃസ്തുതിയാണ്. ശ്രേഷ്ടമായ ഒന്ന്. ബിജു കൊച്ചുതെള്ളിയില്‍ ചിട്ടപെടുത്തിയ ഈ ഗാനം പാടിയിരിക്കുന്നത് അനുഗ്രഹീതനായ ബിജു നാരായണന്‍.
റോയ് കാഞ്ഞിരത്താനം തന്നെ എഴുതിയ ‘ബലിയല്ല’എന്ന ഗാനം ജെര്‍സന്‍ ആന്റണി ചിട്ടപ്പെടുത്തിയിരിക്കുന്നു. സെബാസ്ത്യന്‍ എന്ന ഗായകന്റെ വേറിട്ട ആലപാന ശൈലി ഈ ഗാനത്തിന് പുതുമ നല്‍കുന്നു.
തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ഇതിനു മുന്‍പും ഗാനരച്ചനയ്ക്ക് മാര്‍ഗ ദര്‍ശനമായിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണമായി ഒരു ഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരികുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ദീപിക ദിനപ്പത്രത്തിന്‍റെ പത്രാധിപ സമിതി അംഗവുമായിരുന്ന ശാന്തിമോന്‍ ജേക്കബ് എഴുതിയ സര്‍വശക്തനായവന്‍ എന്ന് തുടങ്ങുന്ന സാമാന്യം ദീര്‍ഘമായ ഈ ഗാനം ചിട്ടപ്പെടുത്തിയത് പ്രദീപ്. അനൂപിന്റെ ആലാപന വൈശിഷ്ട്യം ഈ ഗാനത്തിന് വേറിട്ടൊരു പുതുമ നല്‍കുന്നു.മലയാളികളുടെ പ്രാര്‍ഥനാമുറികളില്‍ ഈ ഗാനം എന്നെന്നും മുഴങ്ങുമെന്നുറപ്പ് .
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂട് NRI മലയാളി ടീം ആണ് ദി ഫെയിത്ത് എന്ന മനോഹരമായ കലാസൃഷ്ടി ആസ്വാദകര്‍ക്ക് നല്‍കാന്‍ പ്രയത്നിച്ചിരിക്കുന്നത്. . ഏതാനു നാളുകള്‍ക്കുള്ളില്‍ മുഴുവന്‍ കോപ്പികളും വിറ്റ് തീര്‍ന്ന ആല്‍ബം എന്ന പ്രത്യേകതയും ദ ഫെയിത്തിനു സ്വന്തം.
നിരവധി സംഗീത ആല്‍ബങ്ങളുടെ നിര്‍മാതാവും ഡിവൈന്‍ ടി വിയുടെ പ്രൊമോട്ടര്‍മാരില്‍ ഒരാളും യു കെയിലെ അറിയപ്പെടുന്ന ഇമിഗ്രേഷന്‍ സോളിസിറ്ററുമാണ് ലേഖകന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല