സ്വന്തം ലേഖകന്‍: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജോലി നേടുന്നവരെ കുടുക്കാന്‍ പുതിയ നിയമവുമായി കുവൈറ്റ് സര്‍ക്കാര്‍. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 3000 ദിനാര്‍ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍, ഖാലിദ് അല്‍ ഉതൈബി എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കുവൈറ്റില്‍ ഉദ്യോഗം നേടുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാനൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും സംഭവവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശി ഉദ്യോഗസ്ഥന്‍ പിടിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
പേരിന് മുന്‍പ് ഡോക്ടര്‍ എന്നു രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം കര്‍ശനമാക്കണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു. ബില്‍ വ്യവസ്ഥകള്‍ പ്രകാരം, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലിയില്‍ പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനായി വിശ്വാസയോഗ്യമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. രാജ്യത്ത് ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം പ്രസ്തുത സംവിധാനത്തിന് നല്‍കും.
ഈ സംവിധാനത്തിന്റെ സമ്മതപത്രമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ജോലി ലഭിക്കുന്നതിനായി ഹാജരാക്കുകയോ സര്‍ക്കാര്‍ ആവശ്യത്തിനായി അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ആറുമാസം തടവും 1000 ദിനാറില്‍ കുറയാത്ത പിഴയും ചുമത്തും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ മൂന്നുവര്‍ഷം തടവ് നല്‍കും. ആധികാരികമല്ലാത്ത യോഗ്യതകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉപയോഗിച്ചതായോ നിലവിലില്ലാത്ത സര്‍വകലാശാലകളുടെ യോഗ്യത നേടിയതായി അവകാശപ്പെടുകയോ ചെയ്താല്‍ വഞ്ചനാക്കുറ്റം ചുമത്തി മൂന്നുവര്‍ഷം തടവും 3000 ദിനാര്‍ പിഴയും വിധിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരില്‍ അഭിഭാഷകരും നഴ്‌സുമാരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ ഉണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പിടിയിലായ ഉദ്യോഗസ്ഥന്റെ ചുമതലയില്‍ ഏതാനും വര്‍ഷങ്ങളായി കൈകാര്യം ചെയ്ത ഒന്‍പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ 400 എണ്ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരത്തോളം സര്‍ട്ടിഫിക്കറ്റുകളുടെ സാധുത സംബന്ധിച്ച് സംശയവുമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചവരില്‍ 77 പേര്‍ സ്വദേശികളാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഈജിപ്തിലെ ചില സര്‍വകലാശാലകളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്ന സംശയം ബലപ്പെട്ടത് കഴിഞ്ഞ ഏപ്രിലിലാണ്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും അതിന് പിന്നിലെ കണ്ണികളെയും കുറിച്ച് സൂചന ലഭിച്ചത്. സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലുള്ള സംവിധാനം ദുരുപയോഗപ്പെടുത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുള്ളതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല