വ്യാജമരുന്നുകള്‍ ഇല്ലാത്ത നാടുണ്ടോ? ചോദ്യം ഇത്തിരി കുഴപ്പം പിടിച്ചതാണെന്ന് പറയാതെ വയ്യ. കേരളത്തിലൊക്കെ വ്യാജമരുന്നുകള്‍ ഉണ്ടോയെന്ന് ചോദിക്കേണ്ട കാര്യംപോലുമില്ലെന്നാണ് ഓരോ ദിവസത്തേയും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളില്‍ പോയാല്‍ ബാബുവെന്ന പേരിലും സുരേഷെന്ന പേരിലും മത്തായി എന്ന പേരിലും മരുന്നുകിട്ടുമെന്ന് ഇടയ്ക്കിടയ്ക്ക് മനോരമയും മാതൃഭൂമിയുമൊക്കെ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതങ്ങ് യൂറോപ്പിലും ഉണ്ടെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. എന്നാല്‍ സത്യമാണ്.
യൂറോപ്പിലെങ്ങും ഇപ്പോള്‍ വ്യാജമരുന്നുകളുടെ വിളയാട്ടമാണ് എന്നാണ് ലഭിക്കുന്ന വിവരം. യൂറോപ്പിലെ പതിനായിരക്കണക്കിന് മൊത്ത വ്യാപാരികളുടെ പക്കല്‍ വ്യാജമരുന്നുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബ്രിട്ടണിലെ ആയിരത്തി എണ്ണൂറ് മൊത്ത വ്യാപാരികളുടെ പക്കല്‍ വ്യാജമരുന്നുകള്‍ ഉണ്ടെന്ന് ഏതാണ്ട് സ്ഥിതീകരിച്ചിട്ടുണ്ട്. ഈ വ്യാജമരുന്നുകളുടെ കൂട്ടത്തില്‍ ക്യാന്‍സറിനുള്ള മരുന്നുകള്‍ പോലുണ്ടെന്ന് പറയുമ്പോഴാണ് സംഗതിയുടെ ഗൗരവം ബോധ്യപ്പെടുന്നത്. ജര്‍മ്മനി കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും കൂടുതല്‍ വ്യാജ മരുന്ന് മൊത്തവ്യാപാരികളുള്ളത് ബ്രിട്ടണിലാണ്. ജര്‍മ്മനിയില്‍ 3,000 മൊത്ത വ്യാപാരികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് (എംഎച്ച്ആര്‍എ) ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വെളിയില്‍ വിട്ടിരിക്കുന്നത്. അതേസമയം ബ്രിട്ടണ് കേന്ദ്രീകരിച്ചുള്ള രണ്ട് മൊത്തവ്യാപാരികള്‍- റിച്ചാര്‍ഡ് ഫാര്‍മ, റിവര്‍ ഈസ്റ്റ് സപ്ലൈസ്- അമേരിക്കയിലേക്ക് വ്യാജമരുന്നുകള്‍ കയറ്റി അയച്ചതായും പറയപ്പെടുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍നിന്നും യൂറോപ്പിലേക്കും യൂറോപ്പില്‍നിന്ന് അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്കുമാണ് മരുന്നുകളുടെ വ്യാപാരം നടക്കുന്നത്. അങ്ങനെയാണ് ബ്രിട്ടണില്‍ വ്യാജമരുന്നുകള്‍ എത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്.
റിവര്‍ ഈസ്റ്റ് സപ്ലൈസാണ് പ്രധാനമായും വ്യാജമരുന്നുകള്‍ ബ്രിട്ടണിലെങ്ങും വിതരണം ചെയ്തതെന്നാണ് കണക്കാക്കപ്പെടുന്നത്. കൂട്ടത്തില്‍ റിച്ചാര്‍ഡ് ഫാര്‍മയും വ്യാജമരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇരുകമ്പനികളുടെയും വക്താക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നാണ് ബ്രിട്ടണിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല