സ്വന്തം ലേഖകന്‍: വ്യാജ യോഗ്യതക്കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി. നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകുയായിരുന്നു കോടതി.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സമര്‍പ്പിച്ച വിവിധ നാമനിര്‍ദേശ പത്രികകളില്‍ വ്യത്യസ്ത വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
സാകേത് കോടതി ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് ആശോക് നായിക്കിന്റേതാണ് വിധി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് ആകാശ് ജയിന്‍, ഓഗസ്റ്റ് 28നു സ്മൃതിക്കെതിരായ പരാതിയിലെ തെളിവുകള്‍ പരിശോധിക്കുമെന്ന് അറിയിച്ചു. തെളിവുകള്‍ പര്യാപ്തമെന്നു കണ്ടെത്തിയാല്‍ വിചാരണ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളുമായി കോടതി മുന്നോട്ടു നീങ്ങും.
തിരഞ്ഞെടുപ്പ് വേളയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 125 മത്തെ വകുപ്പിന്റെ ലംഘനമാണ്. ആറു മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിദ്യാഭ്യാസ യോഗ്യതയില്‍ വൈരുദ്ധ്യമുണ്ട്. വ്യക്തമായ തെളിവുണ്ടെങ്കില്‍ കേസ് എടുക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പരാതിക്കാരനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല