1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ ആശുപത്രിയില്‍ ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ പരിശോധന, വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഏഴു മലയാളി നഴ്‌സുമാര്‍ പിടിയില്‍. ദമാം,അല്‍ ഖോബാര്‍ എന്നീ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്.

പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരും മറ്റു രണ്ടു പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ ഹാജരാക്കിയവയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല.2005 ന് ശേഷം സൗദിയില്‍ ജോലിക്കായി വന്നവരുടെ വിദ്യാഭ്യാസ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൗദി ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്.

കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടിട്ടവരില്‍ പലരും. പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുമെന്നതിനാല്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ തിരിച്ച് നാട്ടിലേക്ക് പോകാനും വീണ്ടും സൗദി വിസക്കായി ശ്രമിക്കാനും പ്രയാസമാകും. നേരത്തെ അല്‍ഹസയിലും, റിയാദിലും മലയാളി നേഴ്‌സുമാര്‍ സമാനമായ കേസില്‍ പിടിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ എംബസി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.