സ്വന്തം ലേഖകൻ: കൃഷിത്തോട്ടം ക്രിക്കറ്റ് ഗ്രൗണ്ടാക്കുന്നു, ഗ്രാമവാസികളെ കാശ് കൊടുത്ത് കളിക്കാരാക്കുന്നു, റഷ്യന്‍ വാതുവെയ്പ്പുകാരെ ആകര്‍ഷിച്ച് പണം തട്ടുന്നു! ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ മോളിപുര്‍ ഗ്രാമത്തിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. ഐ.പി.എല്ലിന് സമാനമായി നടത്തിയ ഈ വ്യാജ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഷൊഐബ് ദാവ്ഡ എന്നയാളാണ് ഈ തട്ടിപ്പിനുപിന്നില്‍. എങ്ങനെയാണ് ഇവര്‍ വ്യാജ ഐ.പി.എല്‍ സജ്ജമാക്കിയത് എന്ന് പരിശോധിക്കാം.
എട്ടുമാസം റഷ്യയിലെ പബ്ബില്‍ ജോലി ചെയ്ത് പരിചയമുള്ളയാളാണ് ടൂര്‍ണമെന്റിന്റെ സൂത്രധാരനായ ഷൊഐബ് ദാവ്ഡ. അതുകൊണ്ടുതന്നെ റഷ്യയിലെ വാതുവെപ്പുകാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ആസിഫ് മുഹമ്മദ് എന്ന വ്യക്തിയാണ് ദാവ്ഡയെ വാതുവെയ്പ്പുകാരുമായി അടുപ്പിച്ചത്. ഈ ബന്ധമുപയോഗിച്ച് പരമാവധി പണം തട്ടുക എന്ന ലക്ഷ്യത്തോടെ അതിസമര്‍ത്ഥമായാണ് ദാവ്ഡ ടൂര്‍ണമെന്റ് അണിയിച്ചൊരുക്കിയത്. അതിനായി ആദ്യം ചെയ്തത് മോളിപുര്‍ ഗ്രാമത്തില്‍ സ്റ്റേഡിയമൊരുക്കുക എന്നതായിരുന്നു. ദാവ്ഡയ്‌ക്കൊപ്പം സാദിഖ് ദാവ്ഡ, സാഖിബ്, സൈഫി, മുഹമ്മദ് കോലു എന്നിവരും അണിനിരന്നു.
ഗ്രാമത്തിലെ ഗുലാം മാസിയിലുള്ള ഒരു കൃഷിയിടം ഇവര്‍ ഗ്രൗണ്ടാക്കി മാറ്റി. സിമന്റുകൊണ്ട് താത്കാലിക പിച്ചും തയ്യാറാക്കി. ഒറ്റനോട്ടത്തില്‍ മോശമില്ലാത്ത ഒരു സ്‌റ്റേഡിയത്തിന്റെ രൂപം കൊണ്ടുവരാനായി ഗ്രൗണ്ട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള പ്രഫഷണല്‍ കളിക്കാരെ കൊണ്ടുവന്നാല്‍ ചെലവ് അധികമാകുമെന്ന് മനസ്സിലാക്കിയ ദാവ്ഡയും സംഘവും ഗ്രാമവാസികളെത്തന്നെ ടൂര്‍ണമെന്റിലെ കളിക്കാരാക്കി മാറ്റി. ഇരുപത്തഞ്ചോളം വരുന്ന ഗ്രാമവാസികള്‍ക്ക് ക്രിക്കറ്റില്‍ പരിശീലനം നല്‍കി. ഓരോ പന്തിലും എങ്ങനെ കളിക്കണമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തു. ഓരോരുത്തര്‍ക്കും പ്രതിഫലമായി 400 രൂപ വീതമാണ് ഒരു മത്സരത്തിനായി നല്‍കിയത്.
മത്സരം യൂട്യൂബിലൂടെ ലൈവായി കാണിക്കാന്‍ അഞ്ച് എച്ച്.ഡി ക്യാമറകളാണ് ദാവ്ഡയും സംഘവും സ്ഥാപിച്ചത്. മള്‍ട്ടി ക്യാമിലൂടെ രംഗങ്ങള്‍ ചിത്രീകരിച്ച് ഇവര്‍ ടൂര്‍ണമെന്റ് ലൈവായി യൂട്യൂബിലൂടെ സംപ്രേഷണം ചെയ്തു. റഷ്യയിലിരിക്കുന്നവരുടെ വിശ്വാസ്യത കൂട്ടുന്നതിനായി താരങ്ങള്‍ പ്രഫഷണല്‍ ജഴ്‌സിയും ഷൂസും ക്രിക്കറ്റ് കിറ്റുമെല്ലാം ധരിച്ചാണ് കളിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ ടീമുകളുടെ ജഴ്‌സിയാണ് കളിക്കാര്‍ ധരിച്ചത്. അമ്പയറിങ്ങില്‍ പോലും പ്രഫഷണലിസം കാണിച്ച് കാണികളെ കബിളിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച അമ്പയര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വാക്കി ടോക്കിയും നല്‍കി. അമ്പയര്‍മാരായി ഗ്രൗണ്ടിലുണ്ടായിരുന്നത് ദാവ്ഡയുടെ സംഘത്തിലുള്ളവരാണ്. ഇവരുടെ നിര്‍ദേശപ്രകാരമാണ് താരങ്ങള്‍ കളിച്ചത്. മത്സരത്തിലെ ഓരോ ഷോട്ടുപോലും സ്‌ക്രിപ്റ്റഡായാണ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരങ്ങള്‍ ഓണ്‍ലൈനായി സംപ്രേഷണം ചെയ്തപ്പോള്‍ കൊഴുപ്പ് കൂട്ടുന്നതിനായി ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആരാധകരുടെ ആരവം പിന്നണിയില്‍ ചേര്‍ത്തു. അതുപോലും അതിവിദഗ്ധമായാണ് നല്‍കിയത്.
ഇതില്‍ ഏറ്റവും രസകരമായ കാര്യമെന്തെന്നാല്‍ ക്രിക്കറ്റ് കമന്ററിയ്ക്ക് പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയെ വ്യാജമായി ഉപയോഗിച്ചു എന്നതാണ്. ദാവ്ഡയുടെ സംഘത്തിലുള്ള സാഖിബാണ് ഹര്‍ഷ ഭോഗ്ലെയെന്ന വ്യാജേന കമന്ററി പറഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭോഗ്ലെ ചിരിയടക്കാനാവുന്നില്ലെന്നും കമന്റേറ്ററുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.
പ്രഫഷണല്‍ സ്റ്റേഡിയത്തിലുള്ളപോലെ ഹാലൊജന്‍ ലൈറ്റുകള്‍ സ്ഥാപിച്ച് മത്സരത്തിന് കൊഴുപ്പേകാനും ദാവ്ഡ ശ്രമിച്ചു. ഏകദേശം മൂന്നുമാസത്തോളമെടുത്താണ് ടൂര്‍ണമെന്റ് ഇവര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഐ.പി.എല്‍ എന്ന പേരില്‍ തന്നെയാണ് ഇവര്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തത്. ഐ.പി.എല്‍ കഴിഞ്ഞയുടന്‍ തന്നെ ടൂര്‍ണമെന്റ് സജ്ജമാക്കാന്‍ ദാവ്ഡയും സംഘവും ഒരുങ്ങിയിറങ്ങിയിരുന്നു.
മത്സരങ്ങള്‍ ലൈവായി വന്നതോടെ റഷ്യയില്‍ നിന്നുള്ള വാതുവെപ്പുകാര്‍ രംഗത്തെത്തി. വാതുവെപ്പിലൂടെ മൂന്ന് ലക്ഷം രൂപയോളം ദാവ്ഡയ്ക്കും സംഘത്തിനും ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഇവര്‍ നടത്തി. അതിനിടയിലാണ് പോലീസ് ഇവരെ അറസ്റ്റുചെയ്യുന്നത്. ടെലഗ്രാം ചാനല്‍ വഴിയാണ് വാതുവെപ്പ് നടന്നതെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. റഷ്യയിലെ ട്വെര്‍, വോറോനെഷ്, മോസ്‌കോ എന്നിവിടങ്ങളില്‍ നിന്നുള്ള വാതുവെയ്പ്പുകാരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ഇത്രയേറെ മുന്നൊരുക്കങ്ങളോടെ നടത്തിയ ഈ വ്യാജ ഐ.പി.എല്ലിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് പോലീസ്. ദാവ്ഡയെയും സംഘത്തെയും അറസ്റ്റുചെയ്ത പോലീസ് മറ്റാര്‍ക്കെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല