സ്വന്തം ലേഖകന്‍: മലബാര്‍ ഗോള്‍ഡിനെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചരണം, ദുബായ് കോടതി മലയാളിക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് മലയാളിയായ ബിനീഷ് അറുമുഖന് രണ്ടര ലക്ഷം ദിര്‍ഹം പിഴയും നാടുകടത്തലും ദുബായ് കോടതി ശിക്ഷ വിധിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ ബിനീഷ് അറുമുഖന്‍ മലബാര്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരനായിരുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലബാര്‍ ഗോള്‍ഡിന്റെ ശാഖയില്‍ പാകിസ്താന്റെ ദേശീയദിനാഘോഷം കേക്കുമുറിച്ച് ആഘോഷിക്കുന്നു എന്നപേരില്‍ മറ്റൊരു സ്ഥാപനത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രം ബിനീഷ് അറുമുഖന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നു. പരാതിയുയര്‍ന്ന ഉടന്‍ ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് ബിനീഷിനെ അറസ്റ്റുചെയ്തു.
മാനുഷിക പരിഗണനവെച്ച് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പരാതി പിന്‍വലിച്ചെങ്കിലും യു.എ.ഇ. ഗവണ്‍മെന്റിന്റെ പബ്ലിക് പ്രോസിക്യൂഷനാണ് ഈ കേസ് സൈബര്‍ കുറ്റകൃത്യമെന്നനിലയില്‍ ഏറ്റെടുത്ത് കോടതിയില്‍ എത്തിച്ചത്. അതിന്റെ വിധിയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. നേരത്തെ പാസ്‌പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിച്ച് പുറത്തിറങ്ങിയ ബിനീഷിനെ പോലീസ് വീണ്ടും അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചു.
രണ്ടര ലക്ഷം ദിര്‍ഹം പിഴയടയ്ക്കാനും വെബ്‌സൈറ്റിലെ ഫോട്ടോകളെല്ലാം നീക്കം ചെയ്ത് ഒരു വര്‍ഷത്തേക്ക് അത് നിര്‍ജീവമാക്കാനും വിധിയിലുണ്ട്. പിഴയടച്ച ശേഷം പ്രതിയെ നാടുകടത്താനാണ് വിധിയില്‍ പറയുന്നത്. സര്‍ക്കാരിലേക്കാണ് പിഴ സംഖ്യ അടയ്‌ക്കേണ്ടതെന്നും വിധിയില്‍ നിര്‍ദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല