സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ക്ക് മലിനമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍. രാജ്യത്ത് ലഭ്യമാകുന്ന എല്ലാത്തരം ഭക്ഷ്യ സാധനങ്ങളും കര്‍ശന ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം.
രാജ്യത്ത് ലഭിക്കുന്ന എല്ലാത്തരം ഭക്ഷ്യസാധനങ്ങളും കര്‍ശന ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും നഗരസഭ മന്ത്രാലയവും ചേര്‍ന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ പൊതുജനങ്ങള്‍ സ്വീകരിക്കാവൂയെന്നും അനധികൃത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇരു മന്ത്രാലയങ്ങളും ഓര്‍മപ്പെടുത്തി.
ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ ആരോഗ്യകരമാണെന്ന് ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും രാജ്യത്തുടനീളമായുള്ള ഭക്ഷണശാലകളില്‍ പൊതുജനാരോഗ്യ മന്ത്രാലയവും നഗരസഭ മന്ത്രാലയവും ചേര്‍ന്ന് ക്യാംപെയ്നുകളും കര്‍ശന പരിശോധനകളും നടത്തിവരുന്നുണ്ട്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന തരത്തിലുള്ള ലംഘനങ്ങള്‍ ഇതുവരെ രാജ്യത്തെ ഭക്ഷണശാലകളില്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണസാധനങ്ങള്‍ മാനുഷിക ഉപയോഗത്തിന് യോഗ്യമാണോയെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ ലബോറട്ടറികളില്‍ ദിവസേന പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തെ 16000 എന്ന ഏകീകൃത കോള്‍ സെന്റര്‍ നമ്പറിലും നഗരസഭ മന്ത്രാലയത്തെ 184 എന്ന നമ്പറിലും വിളിക്കാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല