ചെന്നൈയില്‍ വച്ചാണ് ഷഹനാസ് എന്ന തട്ടിപ്പുകാരി പോലീസ് വലയിലാകുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആറ് യുവാക്കളെ വിവാഹം ചെയ്തുവെങ്കിലും നാലുപേരെ വിവാഹം ചെയ്തകാര്യം മാത്രമേ ഷഹ്‌നാസ് സമ്മതിക്കുന്നുള്ളു. ഇന്നലെ ബാംഗ്ലൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചെന്നൈ പോലീസിന്റെ പിടിയിലായിത്. ഗര്‍ഭിണിയായ ഷഹ്‌നാസിനെ 14 ദിവസത്തേക്ക് പുഴല്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അഡയാര്‍ സ്വദേശി ശരവണന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച രാത്രി ഷഹ്‌നാസ് അറസ്റ്റിലാവുന്നത്. വിവാഹം കഴിച്ച ശേഷം പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞുവെന്ന് ആരോപിച്ചാണ് ശരവണന്‍ പരാതി നല്‍കിയത്. ശരവണന്റെ പരാതിയെ തുടര്‍ന്ന് എട്ട് പേര്‍ കൂടി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു.
ആഡംബര ജീവിതം നയിക്കാനാണ് വിവാഹം കഴിച്ചതെന്നും നാല് പേരെ മാത്രമേ വിവാഹം ചെയ്തുള്ളൂവെന്നും നിരവധി പേരെ വിവാഹം കഴിച്ച് കമ്പളിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ഷഹ്‌നാസ് പോലീസിന് മൊഴിനല്‍കി. പത്തനംതിട്ടയില്‍ സിദ്ധിക്ക് എന്ന യുവാവുമായിട്ടാണ് ആദ്യം വിവാഹിതയായാകുന്നത്. ഈ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. പിന്നീട് ഭര്‍ത്താവുമായി പിരിഞ്ഞു. 2005 ലാണ് ചെന്നൈയില്‍ എത്തിയത്. പുരസവാക്കത്തില്‍ ഷംസുദ്ദീന്‍ എന്നയാളുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ ഷംസുദ്ദീനുമായി അടുപ്പത്തിലായി. പിന്നീട് തരമണിയിലെ കോള്‍സെന്ററില്‍ ജോലി കിട്ടി. കോള്‍ സെന്ററില്‍ ജോലി ചെയ്തുകൊണ്ടിരിക്കൈ ഫോണില്‍ സംസാരിച്ച് കൂടുതല്‍ പേരുമായി അടുപ്പത്തിലായി. കോള്‍ സെന്ററില്‍ നിന്നുള്ള ഫോണിവിളിയിലൂടെ സൗഹൃദത്തിലായ തിരുച്ചിറപ്പള്ളിയിലെ ആര്‍ട്ട് ഡയറക്ടര്‍ രാഹുലിനെ വിവാഹം ചെയ്തു. ആറ് മാസത്തോളം ഒന്നിച്ച് ജീവിച്ച ശേഷം അഭിപ്രായ വ്യത്യാസത്തിലായി. ചെന്നൈയില്‍ നോട്ടറി പബ്ലിക്കിന്റെ പരീക്ഷ എഴുതണമെന്ന് അറിയിച്ച് 25,000 രൂപയും വാങ്ങി ചെന്നൈയിലേക്ക് വണ്ടി കയറി.
പിന്നീട് വിവാഹങ്ങളിലൂടെയും സൗഹൃദത്തിലൂടെയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയെന്നത് പതിവാക്കി. അഡയാറിലെ ശരവണനുമായി അടുപ്പത്തിലായി. ശരവണനുമായി വേര്‍പിരിഞ്ഞശേഷം മുഗളിവാക്കത്തെ മണികണ്ഠനെ ഭര്‍ത്താവാക്കി. രണ്ടു മാസം മാത്രമേ വിവാഹ ജീവിതം നീണ്ടു നിന്നുള്ളൂ. പിന്നീട് എലിഫന്റ് ഗേറ്റിലെ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതിനിടയില്‍ മണികണ്ഠനുമായി വിവാഹ ബന്ധം അറിയിക്കാതെ പുളിയന്തോപ്പ് സ്വദേശി പ്രസന്നയെ വിവാഹം ചെയ്തു. നാല് പേരെ മാത്രമേ നിയമ പ്രകാരം വിവാഹം ചെയ്തിട്ടുള്ളൂവെന്ന് ഷഹ്‌നാസ് പോലീസിന് മൊഴി നല്‍കി.
തിരുവട്ടിവൂരിലെ ശരവണന്‍, അടയാറിലെ ശരവണന്‍, ടി. നഗറിലെ രാജ, വെപ്പേരിയിലെ ഷംസുദ്ദീന്‍, പുളിയന്തോപ്പ് സുരേഷ് എന്നിവരുമായി സൗഹൃദം മാത്രമേ പുലര്‍ത്തിയിരുന്നുള്ളൂവെന്നും ഷഹ്‌നാസ് പറഞ്ഞു. എന്നാല്‍ ആഡംബര ജീവിതത്തിനായി എല്ലാവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നത് ശരിയാണെന്നും മൊഴിനല്‍കി. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചിരുന്നുവെന്നും പത്തനംതിട്ടയില്‍ ഒരു തുണിക്കടയില്‍ ജോലി ചെയ്തിരുന്നുവെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല