സ്വന്തം ലേഖകൻ: യുകെയില്‍ സ്റ്റഡി വീസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സമ്മറില്‍ ഗണ്യമായി കുറഞ്ഞതായി പുതിയ കണക്കുകള്‍. 2023ലെ കണക്കുകളെ അപേക്ഷിച്ച് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 16% വീസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള വീസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ 89% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നിമയമാറ്റങ്ങളാണ് ആശ്രിതരുടെ വരവിനെ അട്ടിമറിച്ചത്.
ഈ കണക്കുകള്‍ യുകെ യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ചാണ് പല യൂണിവേഴ്‌സിറ്റികളുടെയും നിലനില്‍പ്പ്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 263,400 സ്‌പോണ്‍സേഡ് സ്റ്റഡി വീസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് പറയുന്നു. 2023 സമ്മറില്‍ 312,500 ആപ്ലിക്കേഷനുകള്‍ ലഭിച്ച സ്ഥാനത്താണ് ഈ ഇടിവ്.
വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പന്‍ഡന്റ്‌സിനായി കേവലം 6700 അപേക്ഷകളാണ് ഈ സമയത്ത് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 59,900 ആയിരുന്നു. ജനുവരി മുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് നിലവിലുണ്ട്. ചില റിസേര്‍ച്ച് അടിസ്ഥാനമാക്കിയ കോഴ്‌സുകള്‍ക്കും, ഗവണ്‍മെന്റ് പിന്തുണയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കും മാത്രമാണ് ഇളവുള്ളത്.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് യുകെ യൂണിവേഴ്‌സിറ്റികളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുമെന്ന് മേഖല മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കഠിനമായി മാറിയെന്ന് 140 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യുകെ വ്യക്തമാക്കുന്നു. ടോറികള്‍ സ്ഥാപിച്ച വീസാ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ലേബര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിവേഴ്‌സിറ്റി & കോളേജ് യൂണിയന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല