സ്വന്തം ലേഖകൻ: വിസ്‌കോന്‍സിനിലെ മാഡിസനില്‍ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 15-കാരി സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിയുതിർത്ത കുട്ടി മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു. രക്ഷിതാക്കല്‍ പലതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലമുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സയിലായിരുന്നുവെന്നും കോടതി രേഖകൾ ചൂണ്ടിക്കാട്ടുന്നു.
അബന്‍ഡന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലെ വിദ്യാർഥിയായ, സാമന്ത എന്ന നതാലി റപ്‌നോ ആയിരുന്നു കഴിഞ്ഞദിവസം സ്കൂളിലെത്തി വെടിയുതിർത്തത്. മാഡിസണ്‍ സ്വദേശിയായ നതാലിയുടെ രക്ഷിതാക്കളായ മലീസ, ജെഫ് റപ്‌നോ എന്നിവര്‍ പലതവണ വിവാഹമോചനവും പുനര്‍വിവാഹവും നടത്തിയിരുന്നു. നതാലിയെ രണ്ട് പേരുടേയും സംരക്ഷണത്തില്‍ തുല്യ പങ്കാളിത്തത്തോടെ വളര്‍ത്താമെന്ന കരാറിലായിരുന്നു ഓരോ തവണയും കോടതിയുടെ തീരുമാനം. ഇത് നതാലിയില്‍ മാനസിക സമ്മര്‍ദത്തിന് ഇടയാക്കിയെന്നും പെണ്‍കുട്ടി ചികിത്സയിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
2011-ല്‍ ആണ് മലീസയും ജെഫ് റപ്‌നോവും ആദ്യമായി വിവാഹിതരാവുന്നത്. ആ സമയത്ത് രണ്ട് പേര്‍ക്കും വേറെ കുട്ടികളുമുണ്ടായിരുന്നു. 2014-ല്‍ ഇവര്‍ വിവാഹ മോചിതരായി. കുട്ടിയെ പരസ്പര സഹകരണത്തോടെ സംരക്ഷിക്കാമെന്ന കോടതി തീരുമാനത്തിലായിരുന്നു വേര്‍പിരിയല്‍. 2017-ല്‍ ഇവര്‍ വീണ്ടും വിവാഹിതരായി.
2020-ല്‍ വീണ്ടും വേര്‍പിരിഞ്ഞു. അപ്പോഴും നതാലിയുടെ കാര്യത്തില്‍ നേരത്തെയെടുത്ത തീരുമാനം തന്നെയായിരുന്നു നിലനിന്നിരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം നതാലി അമ്മയുടെയൊപ്പവും രണ്ട് ദിവസം അച്ഛന്റെയൊപ്പവും താമസിക്കുക എന്നതായിരുന്നു തീരുമാനം. രക്ഷിതാക്കള്‍ പിന്നീട് വീണ്ടും വിവാഹിതരായെന്നും മാസങ്ങള്‍ക്കകം വിവാഹ മോചിതരായെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇനി വിവാഹിതരാവരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഈസമയത്ത് നതാലി കൂടുതല്‍ കാലവും അച്ഛനൊപ്പമായിരുന്നു താമസം.
മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്ന നതാലിക്ക് 12-ാം വയസ്സുമുതൽ ചികിത്സ തുടങ്ങിയിരുന്നു. നതാലിയുടെ സംരക്ഷണം രണ്ടുപേരും കൂടി പരസ്പര സഹകരണത്തോടെ നടത്തണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഒരു അധ്യാപികയും കൗമാരക്കാരിയുമാണ് നതാലിയെ കൂടാതെ സ്‌കൂളിലെ വെടിവെപ്പില്‍ മരിച്ചത്. വെടിവെച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു നതാലി. ഇതിന് പുറമെ മറ്റ് അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, നതാലിയെ ഈ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ച യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല