1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2024

സ്വന്തം ലേഖകൻ: ഫാമിലി വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈത്ത്. യൂണിവേഴ്സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിബന്ധനകളിലാണ് ഇളവ് വരുത്തിയത്. അവരുടെ വര്‍ക്ക് പെര്‍മിറ്റ് അനുസരിച്ച് പ്രതിമാസം കുറഞ്ഞത് 800 ദിനാര്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അവരുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഇളവ്.

957/2019 ലെ ആര്‍ട്ടിക്കിള്‍ 29 നമ്പര്‍ മന്ത്രിതല പ്രമേയം നമ്പര്‍ അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് വ്യക്തമാക്കി. പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം കുവൈത്തില്‍ താമസിക്കുന്നവരോ കുവൈത്തില്‍ ജനിച്ചവരോ ആയ കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് ജനിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഫാമിലി വീസ നേടാന്‍ ഇതുവഴി സാധിക്കും.

പ്രവാസി ജീവനക്കാര്‍ക്ക് അവരുടെ ഭാര്യമാരെയും കുട്ടികളെയും മാത്രമേ പരിഷ്‌കരിച്ച നയം അനുസരിച്ച് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയൂ. പുതിയ മന്ത്രിതല പ്രമേയം അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലിന് ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പള ആവശ്യകത ഒഴിവാക്കാനുള്ള അധികാരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുപ്രകാരം 800 ദിനാര്‍ ശമ്പളം ഇല്ലാത്തവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് അറിയിച്ചു. കുവൈത്തിലെ നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന തീരുമാനമാണിത്. അടിയന്തര ഘട്ടങ്ങളില്‍ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ഈ ഇളവകുള്‍ പ്രവാസികള്‍ക്ക് അവസരം നല്‍കും.

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ പുതിയ ശമ്പള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് യോഗ്യരായ പ്രവാസികളില്‍ നിന്ന് ഫാമിലി വീസ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഈയിടെ കുവൈത്ത് പ്രവാസികള്‍ക്ക് കുടുംബ വീസ അനുവദിക്കുന്നതില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍ രംഗത്തെത്തിയിരുന്നു. ബിരുദ യോഗ്യതയില്ലാത്തവര്‍ക്ക് ഫാമിലി വീസ അനുവദിക്കില്ലെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയതായിരുന്നു ഇതില്‍ പ്രധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.