1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2025

സ്വന്തം ലേഖകൻ: യുകെയിലേക്ക് ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ (25) എന്നിവരെ കർണാടകയിലെ ഹുൻസൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രതികൾ ഹുൻസൂരിലെ ഇഞ്ചിത്തോട്ടത്തിലാണ് ഒളിച്ചു കഴിഞ്ഞിരുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി പി.എൽ. ഷൈജു, പൊലീസ് ഇൻസ്‌പെക്ടർ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറിനെ (51) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോൺസൻ ഇപ്പോൾ റിമാൻഡിലാണ്. ജോൺസന്റെ ഭാര്യയും സമൂഹമാധ്യമ താരവുമായ അന്ന ഗ്രേസിന്റെ പരസ്യം കണ്ടാണ് യുവതി ഇവരെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശപ്രകാരം യുവതി സബീർ, അലക്സ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 9 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 44,71,675 രൂപ ജോൺസൺ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും വാങ്ങി എന്നാണ് പരാതി.

ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാമെന്നും ജോലി ലഭിക്കുമ്പോൾ കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കേസിൽ അന്ന മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ കേസുകളെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനിൽ പോയിട്ടുണ്ടെന്നും അന്ന നേരത്തെ പറഞ്ഞിരുന്നു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത് അവിചാരിതമായാണ്. കേസിൽ അദ്ദേഹത്തിന് ബന്ധമില്ല. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ രണ്ട് ലക്ഷത്തിലധികം പേർ അന്നയെ പിന്തുടരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.