സ്വന്തം ലേഖകന്‍: ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്, നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്. ജാതിപ്പോരിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ വെന്തുമരിച്ച കുരുന്നുകളുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ ഡല്‍ഹി, ആഗ്ര ദേശീയപാത ഉപരോധിച്ചിരുന്നു.
സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് വൈകുന്നേരം കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്പുട്ട് വിഭാഗത്തില്‍പ്പെട്ടവരുടെ അക്രമത്തില്‍ വൈഭവ് (രണ്ടര), ദിവ്യ (11 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാവ് രേഖയുടെ നില ഗുരുതരമായി തുടരുകയാണ്. രേഖയ്ക്കു 75% പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പിതാവ് ജിതേന്ദര്‍ ഉള്‍പ്പടെയുള്ളരാണ് ദേശീയപാത ഉപരോധത്തില്‍ പങ്കെടുത്തു. ഇന്നലെ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. പതിനൊന്നു പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതിനോടകം മൂന്നു പേരെ മാത്രമാണ് അറസ്റ്റു ചെയ്തത്.
ദലിത് കുടുംബത്തെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഏഴ് ഹരിയാന പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. കുടുംബത്തിന് സുരക്ഷ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടവരെയാണ് സസ്‌പെന്‍ഡു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂന്നു രാജ്പുട്ടുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കുടുംബത്തെ അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസ് കാവലിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സുന്‍പേഡ് ഗ്രാമം സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെന്തു മരിച്ച കുരുന്നുകളുടെ മൃതദേഹം ബല്ലഭ്ഗഡിലെ സുന്‍പേഡ് ഗ്രാമത്തില്ലെത്തിച്ചപ്പോള്‍ ദുഃഖം അണപൊട്ടിയിരുന്നു. നീതി ലഭിക്കും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ദേശീയപാത ഉപരോധിക്കുന്നവര്‍ക്കു നേരെ പൊലീസ് ബലപ്രയോഗത്തിനു തയാറായിരുന്നില്ല. വൈകുേന്നരത്തോടെ ഹരിയാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല