സ്വന്തം ലേഖകൻ: ചാള്‍സ് രാജാവുമായുള്ള അവസാന ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുന്‍പായി ഡൗണിംഗ് സ്ട്രീറ്റില്‍, പടിയിറങ്ങുന്ന പ്രധാനമന്ത്രി ഋഷി സൂനക് നടത്തിയ വിടപറയല്‍ പ്രസംഗം അത്യന്തം വികാരഭരിതമായി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം എത്തിയ ഋഷി സുനക്, തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചും, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് നാല് മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. അതിനു ശേഷം അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനത്തിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോയി.
പരാജയം സമ്മതിക്കുമ്പോഴും തന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളും ഋഷി ഉയര്‍ത്തിക്കാട്ടി. പണപ്പെരുപ്പം തടയാനായതും, നിശ്ചലമായി കിടന്ന സമ്പദ്ഘടനയില്‍ വളര്‍ച്ച കൊണ്ടു വരാനായതും താന്‍ പ്രധാനമന്ത്രിയായ രണ്ടുവര്‍ഷ കാലയളവിലാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യം ഇരുപത് മാസത്തിനപ്പുറമുണ്ടായിരുന്നതിനേക്കാള്‍ മികച്ച നിലയിലാണ് ഇന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ബ്രിട്ടന്‍ ലോകത്തില്‍ അതിന്റെ സാമ്പത്തിക പ്രാധാന്യം തിരിച്ചു പിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതു തെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചതില്‍ തനിക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നു എന്ന് പറഞ്ഞ അദ്ദേഹം സര്‍ കീര്‍ സ്റ്റാര്‍മര്‍ മാന്യനായ വ്യക്തിയാണെന്നും പറഞ്ഞു. ഹിന്ദുമത വിശ്വാസിയായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ഋഷി സുനക്, നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ പടികളില്‍ തന്റെ മക്കള്‍ ദീപാവലി നാളങ്ങള്‍ തെളിയിക്കുന്നത് കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം പൊതുതിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കൺസർവേറ്റീവ് പാർട്ടിയുടെ നേതൃ സ്ഥാനം രാജിവയ്ക്കുന്നുന്നുവെന്ന് ഋഷി സുനക് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ അവസാന പ്രസ്താവനയിൽ ‘ജനങ്ങളുടെ ദേഷ്യം ഞാൻ കേട്ടുവെന്നും, മനസിലാക്കുന്നുവെന്നും’ ഋഷി സുനക് അറിയിച്ചു.
പുതിയ പാർട്ടി നേതാവിനെ കണ്ടെത്തിയാൽ താൻ സ്ഥാനമൊഴിയുമെന്ന് ഋഷി സുനക് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. 14 വർഷത്തെ കൺസർവേറ്റീവ് സർക്കാരിന് വിരാമമിട്ട് യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടി നേതാവായ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ തോറ്റതും ഋഷി സുനകിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല